
ബെംഗളൂരുവിലെ അപ്പാര്‍ട്മെന്‍റ് കോംപ്ലക്സില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയ മലയാളി യുവതിക്കെതിരെ പൊലീസ് കേസെടുത്തു. താനിസന്ദ്ര മൊണാര്‍ക്ക് സെറിനിറ്റി അപാര്‍ട്മെന്‍റിലെ മലയാളി കൂട്ടായ്മ ഒരുക്കിയ പൂക്കളമാണ് പത്തനംതിട്ട സ്വദേശി സിമി നായര്‍ അലങ്കോലപ്പെടുത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അപ്പാര്‍ട്മെന്‍റ് കോംപ്ലക്സിന്‍റെ താഴത്തെ നിലയിലുള്ള കോമണ്‍ ഏരിയയിലാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പൂക്കളം ഒരുക്കിയിരുന്നത്. തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനായി പൂക്കളം ഒരുക്കിയതാണ് യുവതിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പൂക്കളത്തില്‍ കയറി നിന്ന് മറ്റ് മലയാളി കുടുംബങ്ങളോട് തര്‍ക്കിക്കുകയും പൂക്കളം അലങ്കോലപ്പെടുത്തുകയുമായിരുന്നു. സിമി നായര്‍ പൂക്കളം നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിമി നായർക്കെതിരെ സാബിഗെഹള്ളി പൊലീസ് കേസെടുത്തത്.
സംഭവത്തെ തുടര്‍ന്ന് ഓണസദ്യ പാർക്കിംഗ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ പ്രസിഡന്റ് മനീഷ് രാജ് പറഞ്ഞു. 7 വർഷമായി അപാർട്ട്മെന്‍റിൽ മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്.