ലൈംഗിക പീഡന പരാതി: മണിയൻ പിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസെടുത്തു

നടിയുടെ പരാതിയില്‍, മുകേഷ്, ജയസൂര്യ, ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്
ലൈംഗിക പീഡന പരാതി: മണിയൻ പിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസെടുത്തു
Published on

നടിയുടെ വെളിപ്പെടുത്തലില്‍ മലയാള സിനിമയിലെ കൂടുതല്‍ നടന്മാര്‍ക്കെതിരെ കേസ്. മുകേഷ്, ജയസൂര്യ, എന്നിവര്‍ക്കു പിന്നാലെ മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരേയും കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ലൈംഗിക പീഡനം, സ്ത്രീകളോട് മോശമായി സംസാരിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫോർട്ട് കൊച്ചി പൊലീസാണ് മണിയൻ പിള്ള രാജുവിനെതിരെ കേസെടുത്തത്. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ, മലയാള സിനിമയിലെ മുതിര്‍ന്ന നടന്മാര്‍ക്കെതിരെയും സംവിധായകരായ രഞ്ജിത്ത്, വി.കെ പ്രകാശ് എന്നിവർക്കുമെതിരെയാണ് ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായത്. നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെ ഒരു നടിയാണ് പരാതി നല്‍കിയത്. നിര്‍മാതാവും കോണ്‍ഗ്രസ് നേതാവുമായ വി. എസ് ചന്ദ്രശേഖര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, വിച്ചു എന്നിവര്‍ക്കെതിരേയും നടി ആരോപണം ഉന്നയിച്ചിരുന്നു.

നടിയുടെ പരാതിയില്‍, മുകേഷ്, ജയസൂര്യ, ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്ന സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റർ ചെയ്തത്. മുകേഷിനെതിരെ മരട് സ്റ്റേഷനിലും ജയസൂര്യക്കെതിരെ തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിലും, ചന്ദ്രശേഖരനെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്. രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായും പരാതിക്കാരിയായ നടി അറിയിച്ചിട്ടുണ്ട്. 

ലൈംഗികാരോപണ പരാതിയില്‍ ഉയര്‍ന്നതിനു പിന്നാലെ, കോണ്‍ഗ്രസ് നേതാവ് വി. എസ് ചന്ദ്രശേഖരന്‍ രാജിവെച്ചിരുന്നു. കെപിസിസി നിയമസഹായ സെല്‍ ചെയര്‍മാന്‍ സ്ഥാനവും, ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നുമാണ്ചന്ദ്രശേഖരന്‍ സ്ഥാനമൊഴിഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com