
സിപിഐ നേതാവ് പി. രാജുവിന്റെ മരണത്തിന് പിന്നാലെ ഡ്രൈവർക്കെതിരെ കൊലപാതക ക്വട്ടേഷന് കേസ്. സിപിഐ ജില്ലാ സെക്രട്ടറി ദിനകരൻ്റെ മകനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതിനാണ് കേസ്. പി. രാജുവിന്റെ മരണത്തിൽ പ്രകോപിതരായ ഡ്രൈവറും ബന്ധുവും ഇയാളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്നാണ് പരാതി. പരാതിയിൽ രാജുവിൻ്റെ ഡ്രൈവറായിരുന്ന ധനീഷിനെതിരെ പൊലീസ് കേസെടുത്തു.
എറണാകുളം സിപിഐ മുൻ ജില്ല സെക്രട്ടറിയായിരുന്ന രാജുവിൻ്റെ മരണത്തിൽ പ്രകോപിതരായാണ് ഡ്രൈവറും ബന്ധുവും നിലവിലെ ജില്ല സെക്രട്ടറിയുടെ മകനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടിയായ ഡിവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്നാണ് പരാതി. സംഭവത്തിൽ ഡ്രൈവറായിരുന്ന ധനീഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സിപിഐ നേതാവ് പി.രാജുവിൻ്റെ മരണത്തിന് പിന്നാലെ പാർട്ടിക്കെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു. ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ പാർട്ടി രാജുവിനെ വ്യക്തിഹത്യ നടത്തിയെന്നായിരുന്നു സിപിഐ നേതാവ് കെ.ഇ. ഇസ്മായിലിൻ്റെ ആരോപണം. ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചത് ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നെന്നും കെ.ഇ. ഇസ്മായിൽ പറഞ്ഞു. പിന്നാലെ രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചിരുന്നു.
സിപിഐയിലെ ഇസ്മയിൽ–കാനം രാജേന്ദ്രൻ പോരിൽ ഇസ്മയിലിനൊപ്പം അടിയുറച്ചുനിന്നയാളായിരുന്നു രാജു. രാജു സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയതിനു പിന്നാലെ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർന്നു. രാജു ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി കണക്കുകളിൽ 75 ലക്ഷം രൂപയുടെ ക്രമക്കേടു കണ്ടെത്തിയെന്നായിരുന്നു ആരോപണം. പിന്നീട് നടത്തിയ പരിശോധനയിൽ 2.30 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നു കണ്ടെത്തി. വിഷയം പരിശോധിക്കാൻ 3 അംഗ സമിതിയെ ചുമതലപ്പെടുത്തുകയും, കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രാജുവിനും, എം.ഡി. നിക്സണുമെതിരെ പാർട്ടി ജില്ലാ കൗൺസിൽ നടപടിയെടുക്കുകയും ചെയ്തിരുന്നു.