ബാങ്ക് വായ്പാ തട്ടിപ്പ്: മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റിനും ഭാര്യക്കുമുൾപ്പെടെ ഏഴ് പേർക്കെതിരെ വിജിലൻസ് കേസ്

മലപ്പുറം ജില്ലാ സഹകരണ ബാങ്ക്‌ എടക്കര ശാഖയിലാണ് ബിനാമി പേരുകളിൽ കോടികളുടെ അനധികൃത വായ്‌പ തട്ടിപ്പ് നടന്നത്
ബാങ്ക് വായ്പാ തട്ടിപ്പ്: മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റിനും ഭാര്യക്കുമുൾപ്പെടെ ഏഴ് പേർക്കെതിരെ വിജിലൻസ് കേസ്
Published on



മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വയ്പ്പതട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ ഇസ്മയിൽ മൂത്തേടത്ത്, ഭാര്യ ,മകൻ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. വായ്പ്പയെടുക്കാൻ ഹാജരാക്കിയ പല രേഖകളും കരാറുകളും വ്യാജമെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക്‌ എടക്കര ശാഖയിലാണ് ബിനാമി പേരുകളിൽ കോടികളുടെ അനധികൃത വായ്‌പ തട്ടിപ്പ് നടന്നത്. ഇസ്‌മയിലിന്റെ ഭാര്യ റംലത്ത്‌, മകൻ ആസിഫലി, ബാങ്ക്‌ ശാഖാ മുൻ മാനേജർ തോമസ്‌ കുട്ടി, ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്ന മുസ്‌തഫ കമാൽ, അഫ്‌സൽ, മുൻ ജനറൽ മാനേജർ സി.എം. ഫിറോസ്‌ ഖാൻ, കുഞ്ഞിമുഹമ്മദ്‌ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടപടി.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക്‌ ഡയറക്ടറും മുസ്ലിംലീഗ്‌ ജില്ലാ സെക്രട്ടറിയുമായിരിക്കെയാണ്‌ 2017ൽ ഇസ്‌മായിൽ ഭാര്യയുടെയും മകന്റെയും പേരിലും ബിനാമി പേരുകളിലും കോടികളുടെ വായ്‌പയെടുത്തത്‌. ഇതിൽ 1.36 കോടിയുടെ മൂന്ന് വായ്‌പകളിലാണ്‌ പ്രാഥമിക അന്വേഷണം നടന്നത്‌. ഒരു വായ്‌പ മാത്രമാണ്‌ തിരിച്ചടച്ചതെന്നാണ് റിപ്പോർട്ട്. 2023 സെപ്‌തംബർ 26വരെ കുടിശ്ശിക ഉൾപ്പെടെ 2.5 കോടി തിരിച്ചടയ്ക്കാനുണ്ട്‌.

ഭൂമിയുടെ മൂല്യം തെറ്റായി കാണിച്ച് വേണ്ടത്ര ഈടില്ലാതെയായിരുന്നു വായ്‌പയെടുത്തത്‌. തിരിച്ചടവില്ലാത്തതിനാൽ ജപ്‌തി നടപടി തുടങ്ങിയെങ്കിലും മതിപ്പുവില ഇല്ലാത്തതിനാൽ വായ്‌പാ തുകപോലും തിരിച്ചുപിടിക്കാനായിട്ടില്ല. വിജിലൻസിന്‌ ലഭിച്ച പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേടുകൾ കണ്ടെത്തുന്നത്. ബാങ്കിലുള്ള ഭൂരേഖകളും വായ്‌പാ വിവരങ്ങളും ശേഖരിച്ചപ്പോൾ പലതിന്റെയും യഥാർഥ രേഖ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പരാതിയിൽ കഴമ്പുണ്ടെന്ന്‌ കണ്ടെത്തി സർക്കാരിന്‌ സഹകരണ വകുപ്പ് റിപ്പോർട്ട്‌ നൽകിയതിനെ തുടർന്നാണ്‌ വിജിലൻസ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതത്‌. വിജിലൻസ്‌ ഇന്‍സ്പെക്ടര്‍ പി ജ്യോതി കുമാറിനാണ്‌ അന്വേഷണ ചുമതല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com