
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തു. കേന്ദ്രമന്ത്രിയുടെ വഴി തടഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തി എന്നുമുള്ള പരാതിയിലും ആണ് നടപടി. മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. പരാതിയില്‍ തൃശൂര്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഈസ്റ്റ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ), 126 (2), 132 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
രാമനിലയം ഗസ്റ്റ്ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ വഴി തടസ്സപ്പെടുത്തിയെന്നാണ് സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇ-മെയില്‍ വഴിയും ലെറ്റര്‍ ഹെഡ് മുഖാന്തരവും പരാതി നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ കേന്ദ്രമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പ്രതികരിച്ചു. തുടര്‍ന്ന് മാധ്യമങ്ങളുടെ കയ്യിലിരുന്ന മൈക്കുകള്‍ തട്ടിമാറ്റി കാറില്‍ കയറി പോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, മാധ്യമ പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് നിയോഗിച്ച തൃശൂര്‍ എസിപിയാണ് അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തുക. മാധ്യമ പ്രവര്‍ത്തകരുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കും.