
പൊലീസ് സ്റ്റേഷനു ഉള്ളിൽ നിന്ന് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച രണ്ട് യുവാക്കൾക്കെതിരെ കേസ്. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചുവരുത്തിയ യുവാക്കളാണ് പൊലീസറിയാതെ വീഡിയോ ചിത്രീകരിച്ചത്. തുടർന്ന് ഇത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇൻഡോറിലെ ഹിരനഗർ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ചയായിരുന്നു സംഭവം. പട്ടികജാതിക്കാരാനായ ഒരാളെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രണ്ട് യുവാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ബേസ് ബോൾ ബാറ്റു ഉപയോഗിച്ചാണ് പരാതിക്കാരനെ മർദിച്ചതെന്ന ആരോപണമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുറ്റകൃത്യം നടത്താനുപയോഗിച്ച ബാറ്റുമായി സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശിച്ചിരുന്നത്.
രണ്ടുപേരും ഹാജരായപ്പോൾ സ്റ്റേഷനിൽ രണ്ട് ഉദ്യോഗസ്ഥരെ ഉണ്ടായിരുന്നുള്ളൂ. അവർ മറ്റ് തിരക്കുകളിലായിരുന്നു. ഇതിനിടെ യുവാക്കൾ വീഡിയോ ചിത്രീകരിക്കുകയും സുഹൃത്തുകൾക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. സുഹൃത്തുക്കളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുറഞ്ഞ സമയംകൊണ്ട് തന്നെ വീഡിയോ വൈറലായി മാറിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് യുവാക്കൾക്കെതിരെ കേസെടുത്തത്.