
നടന്‍ ബാലയ്‌ക്കെതിരെ വഞ്ചനാ കുറ്റത്തിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തു. മുന്‍ ഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. വിവാഹ മോചന ഉടമ്പടയില്‍ അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടുവെന്നാണ് പരാതി.
ഡിവോഴ്‌സ് പെറ്റീഷന്റെ അഞ്ചാം പേജ് കൃത്രിമമായി ഉണ്ടാക്കി കൃത്രിമ ഒപ്പ് രേഖപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ബാലയ്‌ക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞ സാഹചര്യത്തിലാണ് കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി ഇ. ജയകുമാര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. കേസില്‍ ബാലയെ അറസ്റ്റ് ചെയേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉടമ്പടി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക അടച്ചില്ലെന്നും പരാതിയുണ്ട്. വ്യാജ രേഖകള്‍ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും അമൃതയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു' തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നല്‍കിയത്.
2010 ലായിരുന്നു ബാലയും ഗായികയായ അമൃത സുരേഷും തമ്മിലുള്ള വിവാഹം. 2016 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു.