തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവം: ദേവസ്വം ജീവനക്കാരുൾപ്പടെ നാലുപേർക്കെതിരെ കേസ്

ക്ഷേത്രം മാനേജർ, അസിസ്റ്റന്റ് മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരി, ആന ഉടമ, പാപ്പാൻ എന്നിവരാണ് കേസിലെ പ്രതികൾ
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവം: ദേവസ്വം ജീവനക്കാരുൾപ്പടെ നാലുപേർക്കെതിരെ കേസ്
Published on


പത്തനംതിട്ട തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ദേവസ്വം ജീവനക്കാരടക്കം നാലുപേരെ പ്രതിയാക്കിയാണ് കേസെടുത്തത്. ക്ഷേത്രം മാനേജർ, അസിസ്റ്റന്റ് മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരി, ആന ഉടമ, പാപ്പാൻ എന്നിവരാണ് കേസിലെ പ്രതികൾ. നാട്ടാന പരിപാലന ചട്ടലംഘനം, വന്യജീവി സംരക്ഷണ നിയമലംഘനം എന്നിവയാണ് ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

മാർച്ച് രണ്ട് ഞായറാഴ്ച രാത്രി എട്ടിനാണ് ശ്രീവേലി എഴുന്നള്ളത്തിനിടെ ആനയിടഞ്ഞത്. വേണാട്ടുമുറ്റം ഉണ്ണിക്കുട്ടൻ എന്ന ആന, മുൻപേ പോയ ആനയെ കുത്തുകയും ഇടഞ്ഞോടുകയും ചെയ്തു. സംഭവത്തിൽ കീഴ്ശാന്തിമാരായ അനൂപ്, ശ്രീകുമാർ, ബലൂൺ വില്പനക്കാരൻ മുരുകൻ എന്നീ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.

അതേസമയം, അപകടത്തിന് കാരണം ക്ഷേത്രം അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് പ്രദേശവാസികൾ രം​ഗത്തെത്തിയിരുന്നു. ഇടഞ്ഞ വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ എന്ന ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നു. രാവിലെ എഴുന്നള്ളിപ്പിനിടെ ആന അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും ക്ഷേത്രം അധികൃതർ ഗൗനിച്ചില്ലെന്നുമാണ് നാട്ടുകാർ ആരോപിച്ചത്.

ക്ഷേത്രം അധികൃതർ ആനയെ ക്ഷേത്രത്തിൽ നിന്നും മാറ്റാൻ തയ്യാറായില്ല. അധികൃതർ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമെന്നാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com