
കോഴിക്കോട് വടകരയിൽ ഒരാളുടെ മരണത്തിനും ഒന്‍പത് വയസുകാരിയെ ഗുരുതരാവസ്ഥയിലുമെത്തിച്ച അപകടത്തിൽ പ്രതി ഷജീൽനെതിരെ വീണ്ടും കേസ്. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്. വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയതിന് നാദാപുരം പൊലീസാണ് കേസെടുത്തത്.
കാർ മതിലിടിച്ച് തകർന്നതാണെന്ന് കാട്ടി ഇൻഷുറൻസ് കമ്പനിക്ക് തെറ്റായ വിവരങ്ങൾ നൽകിയാണ് ഇയാൾ നഷ്ടപരിഹാര തുക വാങ്ങിയത്. 30,000 രൂപയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്നും നഷ്ട പരിഹാരമായി പ്രതിക്ക് ലഭിച്ചത്. അപകടത്തിൽ വാഹനത്തിനുണ്ടായ കേടുപാടുകൾ മാറ്റാൻ പ്രതി നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ നൽകിയ വിവരമാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
അപകടം നടന്ന് ഒന്‍പത് മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്തുന്നത്. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. പിന്നിട് കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തു. എന്നാല്‍ അന്ന് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷുറൻസ് ക്ലയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചാണ് അപകടം നടന്നത്. രാത്രി ഒന്പത് മണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബിയെയും മകളുടെ മകള്‍ ദൃഷാനയെയും വെള്ളനിറത്തിലുള്ള കാര്‍ ഇടിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചിരുന്നു. അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദൃഷാന നിലവിൽ കോമയിലാണ്.