
തിരുവനന്തപുരം കല്ലാട്ട്മുക്കിൽ അധ്യാപിക കുഞ്ഞിനെ ഉപദ്രവിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അധ്യാപിക നാലു വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചതായി കുടുംബം പരാതി നൽകിയിരുന്നു. ഇത് പുറത്തു പറയാതിരിക്കാൻ അധ്യാപിക കുഞ്ഞിനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു.
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് സ്വകാര്യ ഭാഗത്തെ മുറിവ് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ കുഞ്ഞുമായി സ്കൂളിൽ എത്തിയപ്പോൾ അധ്യാപിക കുറ്റം നിഷേധിച്ചു. തുടർന്ന് സ്കൂൾ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് ക്രൂരതയുടെ തെളിവ് പുറംലോകമറിയുന്നത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നതോടെ അധ്യാപികക്കെതിരായ തെളിവുകൾ ശക്തമായിരിക്കുകയാണ്. ഇതിനെ തുടർന്നാണ് അധ്യാപികക്കെതിരെ നടപടിയെടുത്തത്. എന്നാൽ അധ്യാപികക്കെതിരെ നടപടി സ്വീകരിക്കാതെ സ്കൂൾ അധികൃതർ മരുന്നുവാങ്ങി നൽകി മടക്കി അയച്ചെന്നും കുടുംബം ആരോപിക്കുന്നു.