അധ്യാപക നിയമന അഴിമതി: മുൻ മന്ത്രി പാർഥ ചാറ്റർജിയെ അറസ്റ്റ് ചെയ്ത് സിബിഐ

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നിയമവിരുദ്ധമായി ജീവനക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ ഇഡിയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു
അധ്യാപക നിയമന അഴിമതി: മുൻ മന്ത്രി പാർഥ ചാറ്റർജിയെ അറസ്റ്റ് ചെയ്ത് സിബിഐ
Published on

അധ്യാപക നിയമന അഴിമതി കേസിൽ മുൻ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിൽ. കുറ്റപത്രം സമർപ്പിച്ച് ഏട്ട് മാസത്തിനു ശേഷമാണ് പാർഥയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. നാല് വ്യത്യസ്ത കേസുകളിലും പാർഥ മുഖ്യപ്രതിയാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. 

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ വഴി സര്‍ക്കാര്‍ നിയമവിരുദ്ധമായി ജീവനക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ ഇഡിയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പാർഥയുടെ ജാമ്യാപേക്ഷയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി മറുപടി തേടി മണിക്കൂറുകൾക്ക് ശേഷമാണ് സിബിഐയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുൻ മന്ത്രിയുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇഡിയോട് ആവശ്യപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

2022 ജൂലൈയിലാണ് അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റു ചെയ്യുന്നത്. പാർഥയുടെ സഹായിയായ നടി അർപിത മുഖർജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്ന് 20 കോടിയുടെ നോട്ടുകൾ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പാർഥയെ ഇഡി അറസ്റ്റ് ചെയ്തത്. അര്‍പ്പിതയുടെ രണ്ട് ഫ്‌ളാറ്റുകളില്‍നിന്നായി ഇഡി ഇതുവരെ 50 കോടി രൂപയും അഞ്ചു കിലോ സ്വര്‍ണവും വിദേശ കറന്‍സിയും കണ്ടെടുത്തിരുന്നു. രണ്ടാമത്തെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാർഥയുടേതാണെന്ന് അർപ്പിത ഇഡിയോട് വെളിപ്പെടുത്തിയിരുന്നു.സംഭവത്തിന് പിന്നാലെ പാർഥയെ  ബംഗാൾ മന്ത്രിസഭയിൽ നിന്ന് മമത ബാനർജി നീക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com