"8 കോടിയുടെ ഷോപ്പിങ് കോംപ്ലക്‌സ്, 3 കോടിയുടെ അപ്പാർട്ട്മെൻ്റ്"; കെ.എം. എബ്രഹാമിന്‍റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കാന്‍ CBI

ഹൈക്കോടതി നിർദേശപ്രകാരം മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ.എം. എബ്രഹാമിനെതിരെ സിബിഐ കൊച്ചി യൂണിറ്റെടുത്ത കേസിലെ എഫ്ഐആറിന്റെ പകർപ്പ് പുറത്തുവന്നു
കെ.എം. എബ്രഹാം
കെ.എം. എബ്രഹാം
Published on

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിന് എതിരെ അഴിമതി നിരോധനത്തിലെ വകുപ്പുകൾ ചുമത്തി സിബിഐ. എബ്രഹാമിന്റെ 12 വർഷത്തെ സ്വത്ത് വിവരങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ. അന്വേഷണം തടസപ്പെടുത്താൻ കെ.എം. എബ്രഹാം പല രീതിയിലുള്ള ശ്രമങ്ങളും നടത്തിയെന്ന് പരാതിക്കാരൻ ജോമോൻ പുത്തൻ പുരയ്ക്കൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.



ഹൈക്കോടതി നിർദേശപ്രകാരം മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ.എം. എബ്രഹാമിനെതിരെ സിബിഐ കൊച്ചി യൂണിറ്റെടുത്ത കേസിലെ എഫ്ഐആറിന്റെ പകർപ്പ് പുറത്തുവന്നു. അഴിമതി നിരോധന നിയമത്തിലെ 13(1) , 13 (1) (e) വകുപ്പുകളാണ് എബ്രഹാമിനെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. 2003 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തെ എട്ട് കോടി വില വരുന്ന ഷോപ്പിങ് കോംപ്ലക്സും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുംബൈയിൽ കൊഹിനൂർ സിറ്റിയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന അപ്പാർട്ട്മെൻ്റും എബ്രഹാമിനുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ഈ സ്വത്ത് വിവരങ്ങളെപ്പറ്റി നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നില്ലെന്നും എഫ്ഐആറിൽ പറയുന്നു. എബ്രഹാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന കാര്യം എഫ്ഐആറിലും സിബിഐ പരാമർശിക്കുന്നു. വിജലൻസിനേറ്റ തിരിച്ചടിയാണ് സിബിഐ അന്വേഷണമെന്ന് പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.


2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കാലയളവിൽ കെ.എം. എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. എബ്രഹാം വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കല്‍ ഹൈക്കോടതിയിൽ ഹര്‍ജി നൽകുകയായിരുന്നു. ഹർജിക്കാരന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍‌ പ്രഥമദൃഷ്ട്യാ ഉണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.

എബ്രഹാമിനെതിരെ നടന്ന വി​ജി​ലൻസ് അന്വേഷണം സംശയാസ്പദമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സത്യസന്ധവും പക്ഷപാതരഹിതവുമായ അന്വേഷണമാണ് നടക്കേണ്ടത്. അന്വേഷണവും നടപടി​കളും സുതാര്യമാകണം.  വി​ജി​ലൻസി​ന്റെ ദ്രുതപരി​ശോധനാ റി​പ്പോർട്ട് വിജിലൻസ് കോടതി​ അതേപടി​ അംഗീകരിച്ചുവെന്നും എബ്രഹാമി​നെ സംരക്ഷി​ക്കുന്ന തരത്തി​ലായി​രുന്നു വി​ജി​ലൻസി​ന്റെ നടപടി​കളെന്ന് സംശയി​ക്കേണ്ടി​വരുമെന്നുമായിരുന്നു  ജസ്റ്റിസ് കെ. ബാബുവിന്‍റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി നിർദേശിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com