
വാളയാർ കേസിൽ ജീവനൊടുക്കിയ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്ന് സിബിഐ കുറ്റപത്രം. മക്കളുടെ മുന്നിൽ വെച്ച് അമ്മയുമായി ഒന്നാം പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണ്. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അമ്മക്കറിയാമെന്നും കുറ്റപത്രത്തിൽ പറയുന്നു. ബലാത്സംഗം ചെയ്യാൻ കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഇട്ടുകൊടുക്കുകയായിരുന്നുവെന്നുമാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.
കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അവധി ദിവസങ്ങളിൽ ഒന്നാം പ്രതിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും പ്രായപൂർത്തിയാകാത്ത മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സൗകര്യങ്ങൾ അമ്മ ഒരുക്കി കൊടുക്കുമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഒന്നാം പ്രതിക്കൊപ്പം സിബിഐ കുറ്റപത്രത്തിൽ അമ്മ രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്.
2016 ഏപ്രിലിൽ മൂത്ത കുട്ടിയെ ഒന്നാം പ്രതി ബലാത്സംഗം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചു. രണ്ട് ആഴ്ച കഴിഞ്ഞ് അച്ഛനും ഹീനകൃത്യത്തിന് സാക്ഷിയായി. ഇക്കാര്യമൊന്നും മാതാപിതാക്കൾ പോലീസ് അന്വേഷണത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. രണ്ട് കുഞ്ഞുങ്ങളും സ്വന്തം വീട്ടിൽ തന്നെ ജീവൻ ഒടുക്കുകയായിരുന്നു. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞ് അതേ വർഷം മാർച്ച് നാലിനും തൂങ്ങി മരിച്ചു. സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണം പ്രതികൾക്ക് അനുകൂലമായിരുന്നു എന്ന് ആരോപിച്ചാണ് മാതാപിതാക്കൾ തന്നെ നൽകിയ ഹർജിയിലാണ് സിബിഐ അന്വോഷണം ഏറ്റെടുത്തത്.