
ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുതിൻ്റെ മരണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി (സിബിഐ) അന്വേഷണം അവസാനിപ്പിച്ചു. സുശാന്ത് സിങ്ങിൻ്റെ മരണത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടെന്ന് സ്ഥാപിക്കാൻ മാത്രമുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് നിഗമനത്തിലാണ് അന്വേഷണ റിപ്പോർട്ടുകൾ മുംബൈ കോടതിയിൽ സമർപ്പിച്ചത്.
2020 ജൂൺ 14 ന് മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റിൽ സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വിഷാദമാകാമെന്നാണ് പ്രാഥമിക നിഗമനം. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തില്ല. ഓഗസ്റ്റിൽ സുശാന്തിൻ്റെ മരണത്തിൽ പിതാവ് കെ.കെ. സിങ് സമർപ്പിച്ച ഹർജിയെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
സുശാന്ത് രജ്പുതിന്റെ പിതാവ്,സുശാന്തിൻ്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസും, സുശാന്തിൻ്റെ കുടുംബത്തിനെതിരെ റിയാ ചക്രവർത്തി ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസും ചേർത്ത ഈ രണ്ട് കേസുകളിലാണ് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്.