"ആർജി കർ ബലാത്സംഗക്കേസിലെ പ്രതിക്ക് വധശിക്ഷ നൽകണം"; കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ച് സിബിഐ

പ്രതിക്ക് മരണം വരെ തടവാണ് സിയാല്‍ദാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്
"ആർജി കർ ബലാത്സംഗക്കേസിലെ പ്രതിക്ക് വധശിക്ഷ നൽകണം"; കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ച് സിബിഐ
Published on

കൊൽക്കത്ത ബലാത്സം​ഗക്കൊലയിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ച് സിബിഐ. പ്രതി സഞ്ജയ് റോയ്‌യെ മരണം വരെ തടവിനാണ് സിയാല്‍ദാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒക്ടോബർ 7നായിരുന്നു പ്രതി സഞ്ജയ് റോയ്‌ക്കെതിരെയുള്ള കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ ആരംഭിച്ച് 59 ദിവസങ്ങൾക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. 128 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ജനുവരി 18ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ബലാത്സംഗമോ കൊലപാതകമോ ചെയ്തിട്ടില്ലെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു സഞ്ജയ് റോയിയുടെ വാദം. കാരണമില്ലാതെയാണ് പ്രതി ചേര്‍ത്തതെന്നും തന്നെ കേള്‍ക്കാന്‍ സിബിഐ തയ്യാറായില്ലെന്നും പ്രതി പറഞ്ഞു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കോടതി പ്രതിക്ക് മരണം വരെ തടവാണ് വിധിച്ചത്.

പശ്ചിമ ബം​ഗാൾ സർക്കാരിന് കീഴിലുള്ള ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ നിന്ന് ഓ​ഗസ്റ്റ് 9നാണ് 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടറുടെ ശരീരത്തിൽ 16 ബാഹ്യ മുറിവുകളും ഒമ്പത് ആന്തരിക മുറിവുകളുമാണ് കണ്ടെത്തിയത്. ഡോക്ടറുടേത് ആത്മഹത്യയാണെന്ന് ആശുപത്രി അധികൃതർ തുടക്കത്തിൽ പറഞ്ഞെങ്കിലും പിന്നീട് കൊലപാതകമാണെന്ന് തിരുത്തി. സംഭവം നടന്ന് പിറ്റേന്ന് (ഓഗസ്റ്റ് 10) പ്രതി സഞ്ജയ് റോയ്‌യെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് സഹായമായത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com