
ആം ആദ്മി പാർട്ടി നേതാവ് ദുർഗേഷ് പാഠക്കിന്റെ വസതിയിൽ സിബിഐ റെയ്ഡ്. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) യുമായി ബന്ധപ്പെട്ട കേസിലാണ് നടപടി എന്നാണ് സിബിഐ വൃത്തങ്ങൾ അറിയിക്കുന്നത്. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് എഎപിയുടെ ആരോപണം. ഡൽഹി മദ്യനയ കേസിൽ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനൊപ്പം ദുർഗേഷ് പാഠക്കിനെയും നേരത്തെ സിബിഐ പ്രതിചേർത്തിരുന്നു.
2027 ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സഹ ചുമതല ദുർഗേഷ് പാഠക്കിന് നൽകിയതിനു പിന്നാലെയുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് വസതിയിലെ സിബിഐ റെയ്ഡെന്ന് എഎപി ആരോപിച്ചു. ഗുജറാത്തിൽ വളർന്നുവരുന്ന ഒരു ഭീഷണിയായി ആം ആദ്മി പാർട്ടിയെ ബിജെപി കാണുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് എഎപി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പാഠക് എക്സിൽ കുറിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമം പ്രകാരം ദുർഗേഷ് പാഠക്കിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നടന്ന തെരച്ചിൽ ആം ആദ്മി പാർട്ടിയെ തകർക്കാനുള്ള ഭരണകക്ഷിയായ ബിജെപിയുടെ ശ്രമമാണെന്നായിരുന്നു എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം.
'ബിജെപി അവരുടെ വൃത്തികെട്ട കളി വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഗുജറാത്ത് സഹ ചുമതലയുള്ള പാഠക്കിന്റെ വീട്ടിൽ സിബിഐ എത്തിയിരിക്കുന്നു. ആം ആദ്മിയെ തകർക്കാനുള്ള എല്ലാ വിദ്യകളും മോദി ഗവൺമെന്റ് ശ്രമിച്ചുകഴിഞ്ഞിരിക്കുന്നു. ഇപ്പോഴും അവർക്ക് സമാധാനമായിട്ടില്ല. ഗുജറാത്തിലെ ബിജെപിയുടെ അവസ്ഥ കഷ്ടമാണ്', രാജ്യസഭാ എംപി എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച) ആം ആദ്മി എംഎൽഎ കുൽവന്ത് സിംഗിന്റെ മൊഹാലിയിലെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 48,000 കോടിയുടെ പേൾ അഗ്രോടെക് കോർപ്പറേഷൻ ലിമിറ്റഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു റെയ്ഡ്. ഡൽഹിയിൽ നിന്നുള്ള ഇഡി സംഘമാണ് തെരച്ചിൽ നടത്തിയത്. ജന്‍ത ലാൻഡ് പ്രൊമോട്ടേഴ്സ് ലിമിറ്റഡ് (ജെഎൽപിഎൽ) ഏരിയയിലെ വസതിയിലായിരുന്നു റെയ്ഡ്.