
ഏറെ വിവാദമായ കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍, കൂട്ട ബലാത്സംഗ സാധ്യതകള്‍ തള്ളി സിബിഐ. ലഭ്യമായ തെളിവുകള്‍ പ്രകാരം കൂട്ടബലാത്സംഗം നടന്നിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് മാത്രമാണ് ഏക പ്രതിയെന്നുമാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റ് ഒന്‍പതിനാണ് കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട് കൊല്ലപ്പെട്ടത്. സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധങ്ങള്‍ക്കും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്കും കാരണമായ സംഭവത്തില്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയെ മറികടന്ന് കൊല്‍ക്കത്ത ഹൈക്കോടതിയാണ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.
സിബിഐ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 100 സാക്ഷിമൊഴികള്‍, മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ് ഉള്‍പ്പെടെ 10 പേരുടെ പോളിഗ്രാഫ് പരിശോധനകള്‍ ഉള്‍പ്പെടെ സിബിഐ പൂര്‍ത്തിയാക്കിയിരുന്നു. കേസില്‍ ഡോ. സന്ദീപ് ഘോഷ്, സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മമത സര്‍ക്കാരില്‍നിന്നും കടുത്ത സമ്മര്‍ദം നേരിടുന്ന സാഹചര്യത്തില്‍, സെപ്റ്റംബര്‍ 17ന് സിബിഐ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയിലെ സിവിക് പൊലീസ് വളണ്ടിയര്‍ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് സഹായമായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് സംഭവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവരെ വിളിച്ചുചേർത്ത് എല്ലാവരുടെയും ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് പരിശോധിച്ചു. ഈ സമയം റോയിയുടെ ഫോണുമായി ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണക്ടായി. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേസില്‍ മറ്റു പ്രതികളില്ലെന്നും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ വിനീത് ഗോയൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ തന്നെ നടുക്കിയ കൊലപാതകം അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാന പൊലീസിന് നല്‍കിയത് അഞ്ച് ദിവസമായിരുന്നു. പറഞ്ഞ ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം, അല്ലാത്തപക്ഷം കേസ് സിബിഐയെ ഏല്‍പ്പിക്കും എന്നായിരുന്നു മമതയുടെ അന്ത്യശാസനം. എന്നാല്‍, അതിന് കാത്തിരിക്കാതെയാണ് കൊല്‍ക്കത്ത ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. കേസില്‍ ആദ്യ വാദം കേള്‍ക്കലില്‍ തന്നെയായിരുന്നു കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ചാണ് അത്രയും വേഗത്തില്‍ നടപടിയെടുത്തത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ തീരുമാനം. തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാഹചര്യമുണ്ട്. ആശുപത്രി അധികൃതര്‍, മാനേജ്‌മെന്റ് എന്നിവരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചിരുന്നു.