
ജസ്‌നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തിയ സ്ത്രീയുടെ മൊഴി ഇന്ന് സിബിഐ രേഖപ്പെടുത്തും. കോരുത്തോട് രമണിയാണ് ദിവസങ്ങള്‍ക്കു മുമ്പ് നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയത്. മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയെ കണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഈ ലോഡ്ജിലെ മുന്‍ ജീവനക്കാരിയാണ് രമണി. രമണിയോട് ഇന്ന് രാവിലെ പത്ത് മണിക്ക് മുണ്ടക്കയം റെസ്റ്റ് ഹൗസില്‍ എത്താന്‍ സിബിഐ നിര്‍ദേശം നല്‍കി. ഇന്നലെ ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴി സിബിഐ ശേഖരിച്ചിരുന്നു.
ആറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജസ്‌നയെ കാണാതാകുന്നത്. കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ജസ്‌നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ വെച്ച് കണ്ടിരുന്നുവെന്നും, ഉടമയുടെ ഭീഷണിയെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പുറത്തു പറയാതിരുന്നതെന്നുമായിരുന്നു രമണിയുടെ മൊഴി. പെണ്‍കുട്ടിയുടെ കൂടെ മെലിഞ്ഞ ഒരു യുവാവും ഉണ്ടായിരുന്നുവെന്നും രമണി പറയുന്നു. പരീക്ഷയ്ക്ക് എത്തിയതാണ് എന്നാണ് പെണ്‍കുട്ടി ജീവനക്കാരിയോട് പറഞ്ഞിരുന്നത്. നാല് മണിക്കൂറോളം ഈ പെണ്‍കുട്ടി ലോഡ്ജില്‍ ചെലവഴിച്ചു.
എന്നാല്‍, ഈ വെളിപ്പെടുത്തലുകള്‍ ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് തള്ളിയിരുന്നു. ഒരു മാസം മുമ്പ് ഇതേ വിവരങ്ങളുമായി ആരോ ബന്ധപ്പെട്ടിരുന്നുവെന്നും അന്ന് അന്വേഷിച്ചപ്പോള്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയെന്നുമാണ് ജസ്‌നയുടെ പിതാവ് പറയുന്നത്.
മുന്‍ ജീവനക്കാരിയുടെ വാദങ്ങള്‍ തള്ളി ലോഡ്ജ് ഉടയും രംഗത്തെത്തിയിരുന്നു. ഇവര്‍ ലോഡ്ജില്‍ ലൈംഗിക തൊഴില്‍ നടത്തിയിരുന്നുവെന്നും ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിനുള്ള കാരണമെന്നും ബിജു ആരോപിച്ചു. അന്വേഷണ സംഘം കൃത്യമായി വിവരങ്ങള്‍ ശേഖരിച്ചിരുന്നതാണെന്നും ലോഡ്ജ് ഉടമ പറഞ്ഞു.
2018 മാര്‍ച്ച് 22 നാണ് ജസ്ന മരിയ ജയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. ജസ്‌നയുടെ തിരോധാനം ആദ്യം ലോക്കല്‍ പൊലീസും വിവിധ ഏജന്‍സികളും അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. 2021 ഫെബ്രുവരിയില്‍ കേസ് സി.ബി.ഐക്ക് കൈമാറിയത്.