സംസ്ഥാനത്ത് കുതിച്ചുയർന്ന് സിമൻ്റ് വില; കാരണം തമിഴ്നാട്ടിലെ ഭൂനികുതി ഭേദഗതിയെന്ന് വ്യാപാരികൾ

വിലവർദ്ധന നിർമാണ മേഖലയെ ആകെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരികളും കെട്ടിടനിർമാണ കോൺട്രാക്ടർമാരും ഒരേ പോലെ പറയുന്നു
സംസ്ഥാനത്ത് കുതിച്ചുയർന്ന് സിമൻ്റ് വില; കാരണം തമിഴ്നാട്ടിലെ ഭൂനികുതി ഭേദഗതിയെന്ന് വ്യാപാരികൾ
Published on

സംസ്ഥാനത്ത് സിമൻ്റ് വില കുതിച്ച് ഉയരുന്നു. എ ബ്രാൻഡ് സിമൻ്റുകൾക്ക് 85 മുതൽ 90 രൂപ വരെ ഒരു ചാക്ക് സിമൻ്റിൽ വില വർധനയുണ്ടായി. വിലവർദ്ധന നിർമാണ മേഖലയെ ആകെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരികളും കെട്ടിടനിർമാണ കോൺട്രാക്ടർമാരും ഒരേ പോലെ പറയുന്നു.

2025 ജനുവരിയിൽ മുന്തിയ ഇനം സിമൻ്റ് ബ്രാൻഡുകളുടെ വില ഒരു ചാക്കിന് 320 മുതൽ 325 രൂപ വരെയായിരുന്നുവെങ്കിൽ ഈ സാമ്പത്തിക വർഷം ആരംഭിച്ചപ്പോൾ തന്നെ 80 മുതൽ 90 രൂപ വരെയാണ് ഒരു ചാക്ക് സിമൻ്റിന് വില ഉയർന്നത്. സിമൻ്റ് റീറ്റെയ്ൽ മേഖലയിൽ 410 രൂപയിലെത്തിയപ്പോൾ, ഹോൾസെയിൽ രംഗത്ത് എ ബ്രാൻഡ് സിമെൻ്റുകൾക്ക് 390 രൂപ വരെ വില ഉയർന്നു. പെട്ടന്നുണ്ടായ വിലവർധനയിൽ സിമൻ്റ്കട്ട നിർമാണവും പ്രതിസന്ധിയിലായി.

സാധാരണക്കാർ വാണിജ്യ ആവശ്യങ്ങൾക്കും വീട് നിർമാണത്തിനും പോലും ഉപയോഗിക്കുന്ന ബി ബ്രാൻഡ് സിമൻ്റ് കമ്പനികളും വില കുത്തനെ ഉയർത്തി. ബി ബ്രാൻഡ് സിമൻ്റിന് ഹോൾസെയിൽ വില 370 രൂപ എത്തിയപ്പോൾ റീറ്റെയ്ൽ വില ഏതാണ്ട് എ ബ്രാൻഡ് വിലയ്ക്കൊപ്പം തന്നെ. 400 രൂപ വരെയാണ് ബി ബ്രാൻഡിൻ്റെ വില ഉയർന്നത്. കെട്ടിട നിർമാണ മേഖല ഒന്നാകെ വില വർധന ബാധിച്ചതായി വൻകിട ചെറുകിട കോൺട്രാക്ടർമാർ പറയുന്നു.

തമിഴ്നാട്ടിലെ ഭൂനികുതി ഭേദഗതിയാണ് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. സിമൻ്റ് ചേരുവയായി ഉപയോഗിക്കുന്നതിൽ പ്രധാനം ചുണ്ണാമ്പ് കല്ലാണ്. തമിഴ്നാട്ടിലെ ചുണ്ണാമ്പ് കല്ല് പാടങ്ങൾക്ക് അധികഭൂനികുതി ഏർപ്പെടുത്തിയതോടെയാണ് കമ്പനികൾ സിമൻ്റ് വില കുത്തനെ കൂട്ടിയതിനു കാരണമെന്നും വൻകിട വ്യാപാരികൾ പറയുന്നു. പലവിധ നിർമാണ നിരോധനം നിലനിൽക്കുന്ന ഇടുക്കി ജില്ലയിൽ പാറ പൊട്ടിക്കുന്നതിനും വിവിധ ഇടങ്ങളിൽ വിലക്കുണ്ട്. അതുകൊണ്ട് തന്നെ ആളുകൾ അധികവും ആശ്രയിക്കുന്നത് സിമൻ്റ് കട്ടകൾ കൊണ്ടുള്ള നിർമ്മാണമാണ്. സിമൻ്റ് വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ സിമൻ്റ് കട്ടകളുടെ വിലയിലും വർധനയുണ്ടായാൽ അത് സാധാരണക്കാരൻ്റെ നടുവൊടിക്കുമെന്ന് ഉറപ്പാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com