ദേശീയപാതാ നിർമാണത്തിലെ അപാകത; അന്വേഷണത്തിനായി മൂന്നംഗസംഘത്തെ നിയോഗിച്ച് കേന്ദ്രം

വെള്ളം ഒലിച്ചിറങ്ങുന്നതും ഉപരിതലത്തിനടിയിലെ സുഷിര മർദം വർധിച്ചതുമാണ് റോഡ് പൊളിഞ്ഞുവീഴാൻ കാരണമെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അൻഷുൽ ശർമ പറഞ്ഞു.
ദേശീയപാതാ നിർമാണത്തിലെ അപാകത; അന്വേഷണത്തിനായി മൂന്നംഗസംഘത്തെ നിയോഗിച്ച് കേന്ദ്രം
Published on

ദേശീയപാതാ നിർമാണത്തിലെ അപാകത അന്വേഷിക്കാൻ മൂന്നംഗസംഘത്തെ നിയോഗിച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷിക്കുക. അന്വേഷണ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെയടക്കം നടപടിയുണ്ടാകുമെന്നാണ് സൂചന. കാസർഗോഡ് മുതലുള്ള നിർമാണപ്രവർത്തനത്തിൻ്റെ കാര്യക്ഷമതയും കമ്മിറ്റി വിലയിരുത്തും.

മലപ്പുറം, കോഴിക്കോട് ജില്ലകളിലായി തുടർച്ചയായി രണ്ട് റോഡ് തകർച്ചകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കേരളത്തിലെ ദേശീയപാത 66 (എൻ‌എച്ച്-66) ന്റെ നിർമാണ പ്രവർത്തനങ്ങളിലെ അപാകത അന്വേഷിക്കാൻ കേന്ദ്രം സംഘത്തെ നിയോഗിച്ചത്. കനത്ത മഴയാണ് തകർച്ചയ്ക്ക് കാരണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പറഞ്ഞിരുന്നു. വെള്ളം ഒലിച്ചിറങ്ങുന്നതും ഉപരിതലത്തിനടിയിലെ സുഷിര മർദം വർധിച്ചതുമാണ് റോഡ് പൊളിഞ്ഞുവീഴാൻ കാരണമെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അൻഷുൽ ശർമ പറഞ്ഞു. നിർമാണത്തിലെ അപാകതയെക്കുറിച്ചുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞ പ്രൊജക്ട് ഡയറക്ടർ, വിഷയം ഒരു വിദഗ്ദ്ധ സമിതി അന്വേഷിക്കുമെന്നും കൂട്ടിച്ചേർത്തു.

ദേശീയപാത 66ല്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ നിര്‍മാണത്തിലിരിക്കുന്ന ആറുവരി പാത തകര്‍ന്ന് ഇടിഞ്ഞുവീണതിൽ ഹൈക്കോടതി എൻഎച്ച്എഐയുടെ റിപ്പോർട്ട് തേടിയിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. റോഡ് പൂർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടികളെടുക്കുമെന്നും ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുകയാണെന്നുമായിരുന്നു എൻഎച്ച്എഐ കോടതിയെ അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com