കേരളം ഇടപെടേണ്ട; വിദേശകാര്യസഹകരണ സെക്രട്ടറിയെ നിയമിച്ചതില്‍ സംസ്ഥാനത്തിന് താക്കീതുമായി കേന്ദ്രം

സംസ്ഥാന സർക്കാരുകൾ അവരുടെ ഭരണഘടനാപരമായ അധികാരപരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ നുഴഞ്ഞുകയറരുതെന്നായിരുന്നു കേന്ദ്രത്തിൻ്റെ പ്രസ്താവന
കേരളം ഇടപെടേണ്ട; വിദേശകാര്യസഹകരണ സെക്രട്ടറിയെ നിയമിച്ചതില്‍ സംസ്ഥാനത്തിന് താക്കീതുമായി കേന്ദ്രം
Published on

വിദേശകാര്യസഹകരണ സെക്രട്ടറിയെ നിയമിച്ചതിന് കേരളത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശകാര്യവുമായി ബന്ധപ്പെട്ടവ കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ജൂലൈ 15 നാണ് കേരള സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറി കെ. വാസുകിക്ക് വിദേശരാജ്യങ്ങളുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട അധിക ചുമതല നല്‍കി ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിമര്‍ശനം.

സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ഭരണഘടനാപരമായ അധികാരപരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ നുഴഞ്ഞുകയറരുതെന്ന് മന്ത്രാലയം വ്യക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. രണഘടനയിലെ വ്യവസ്ഥകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു രണ്‍ധീര്‍ ജയ്സ്വാളിന്റെ പ്രസ്താവന.

'ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് ഒന്ന് അഥവാ യൂണിയന്‍ ലിസ്റ്റ് പത്താം നമ്പറില്‍, രാജ്യത്തെ ഏതെങ്കിലും വിദേശ രാജ്യവുമായുള്ള ബന്ധത്തിലേക്ക് കൊണ്ടുവരുന്ന എല്ലാ കാര്യങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ മാത്രം അവകാശമാണെന്ന് വ്യക്തമായി പറയന്നുണ്ടെന്ന് ജയ്സ്വാള്‍ ചൂണ്ടികാട്ടി. ഇത് ഒരു കണ്‍കറന്റ് വിഷയമല്ല, തീര്‍ച്ചയായും ഒരു സംസ്ഥാന വിഷയവുമല്ല. സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ഭരണഘടനാപരമായ അധികാരപരിധിക്ക് അതീതമായ കാര്യങ്ങളില്‍ കടന്നുകയറരുതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്,' ജയ്‌സ്വാള്‍ വ്യക്തമാക്കി.

തിങ്കളാഴ്ച ബിജെപി പാര്‍ലിമെന്റ് അംഗം പി.പി ചൗധരി ലോക്സഭയില്‍ വിഷയം ഉന്നയിക്കുകയും കേരള സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധവും കേന്ദ്രത്തിന്റെ ഉത്തരവാദിത്തത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. കേരള സര്‍ക്കാര്‍ സ്വയം ഒരു പ്രത്യേക രാഷ്ട്രമായിട്ടാണോ പെരുമാറുന്നതെന്നായിരുന്നു എംപിയുടെ ചോദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com