
കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ച് വിജ്ഞാപനം പുറത്തിറങ്ങി. ജസ്റ്റിസ് നിതിൻ മധുകർ ജാംദാറാണ് കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസാവുക. നിലവിൽ ബോംബെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് ജാംദാർ. കേരള ഹൈക്കോടതിക്ക് പുറമെ മദ്രാസ് ഉൾപ്പടെ 7 ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയും നിയമിച്ചാണ് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്. ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരായ ഹർജി അടുത്താഴ്ച സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രസർക്കാർ നിയമന വിജ്ഞാപനം ഇറക്കിയത്.
ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായക്ക് ശേഷമുള്ള ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍.2023 മെയ് മുതലാണ് നിതിൻ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ചത്. മഹാരാഷ്ട്രയിലെ സോലാപുരിൽ അഭിഭാഷക കുടുംബത്തിലാണ് നിതിൻ്റെ ജനനം. മുംബൈ ലോ കോളേജിൽ നിയമ പഠനം നടത്തി. 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്.
ബോംബെ ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് കെ.ആര്‍. ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിൽ വേരുകളുള്ള അഭിഭാഷകനാണ് ജസ്റ്റിസ് കെ.ആര്‍. ശ്രീറാം.