
സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്നതിനുള്ള വിലക്ക് പിൻവലിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ രേഖ പുറത്തുവിട്ട് കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് കഴിഞ്ഞയാഴ്ച കേന്ദ്രം പ്രസിദ്ധീകരിച്ച ഉത്തരവ് പുറത്തുവിട്ടത്. പിന്നാലെ ഭരണഘടനാ വിരുദ്ധമായ വിലക്ക് നീക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണവുമായി ബിജെപി രംഗത്തെത്തി. അതേസമയം ആർഎസ്എസിനൊപ്പം വിലക്കുണ്ടായിരുന്ന ജമാ അത്തെ ഇസ്ലാമിക്ക് പുതിയ ഉത്തരവ് ബാധകമല്ല.
1966 നവംബർ 30ന് ആണ് സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്നതു വിലക്കികൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. അന്നത്തെ ഉത്തരവിലുള്ള ആർഎസ്എസ് എന്ന പദം നീക്കുന്നെന്നാണ് പുതിയ ഉത്തരവിലുള്ളത്. 1948ൽ സർദാർ പട്ടേലാണ് ആദ്യമായി ആർഎസ്എസിനെ നിരോധിച്ചതെന്ന് ജയറാം രമേശ് പറയുന്നു.
നല്ല പെരുമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് അന്ന് നിരോധനം നീക്കിയത്. നിരോധനം നീക്കിയിട്ടും നാഗ്‌പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്തിയിരുന്നില്ല. ആർഎസ്എസുമായുള്ള മോശം ബന്ധം നന്നാക്കാനാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു.
ആർഎസ്എസിനൊപ്പം സർക്കാർ ജീവനക്കാർ ജമാ അത്തെ ഇസ്ലാമിയിൽ പ്രവർത്തിക്കുന്നതിനും പഴയ ഉത്തരവിൽ വിലക്ക് ഉണ്ടായിരുന്നു. ഇപ്പോൾ കേന്ദ്രം നിയന്ത്രണം നീക്കിയത് ആർഎസ്എസിന് മാത്രമാണ്. ഭരണഘടനാ വിരുദ്ധമായ കാര്യം നീക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രതികരണം.