വയനാട് ദുരന്തത്തിൽ കേന്ദ്രം കേരളത്തെ സഹായിക്കാത്തത് രാഷ്ട്രീയം മൂലം; പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വരും: എം.വി ഗോവിന്ദൻ

അൻവറിനെ കിട്ടിയപ്പോൾ പാർട്ടി രണ്ടാകാൻ പോകുന്നു എന്ന് എല്ലാവരും കരുതി. മാധ്യമങ്ങൾ ഉന്നം വയ്ക്കുന്നത് എൽഡിഎഫ് സർക്കാർ വരാതിരിക്കാൻ
വയനാട് ദുരന്തത്തിൽ കേന്ദ്രം കേരളത്തെ സഹായിക്കാത്തത് രാഷ്ട്രീയം മൂലം; പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വരും: എം.വി ഗോവിന്ദൻ
Published on

വയനാട് ദുരന്തത്തിന് ശേഷം പ്രധാനമന്ത്രി സഹായം തരാമെന്ന് പറഞ്ഞു പോയെങ്കിലും കേരളത്തിന് ഒരു തുക പോലും തന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഷ്ട്രീയം മൂലമാണ് കേരളത്തെ സഹായിക്കാത്തത്. കേരളത്തെ അവഗണിക്കുകയാണ്. ഇങ്ങനെയാണെങ്കിൽ പാർട്ടി പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മാധ്യമങ്ങൾക്കെതിരെയും ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് മഴവിൽ മുന്നണി ഉണ്ടാക്കി. ചരിത്രത്തിൽ ഇല്ലാത്ത അപവാദവും കള്ളവുമാണ് പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങൾ ബൂർഷ്വാ രാഷ്ട്രീയത്തിന്റെ വക്താക്കളായി. അൻവറിനെ കിട്ടിയപ്പോൾ പാർട്ടി രണ്ടാകാൻ പോകുന്നു എന്ന് എല്ലാവരും കരുതി. മാധ്യമങ്ങൾ ഉന്നം വയ്ക്കുന്നത് എൽഡിഎഫ് സർക്കാർ വരാതിരിക്കാൻ. അതിൽ വർഗീയ കക്ഷികളുമുണ്ടെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. പാർട്ടിക്കുവേണ്ടി സംസാരിക്കുന്നു എന്ന് പറഞ്ഞിട്ട് അൻവർ സംസാരിച്ചത് ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും വേണ്ടിയാണെന്നും അൻവറിന്റെ പേര് പറഞ്ഞ് പാർട്ടിയെ തകർക്കാമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. അൻവർ സിപിഎമ്മിന് ഒരു ശത്രു ഒന്നുമല്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടും ഗവർണർക്ക് മനസ്സിലാവുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഈ ഗവർണറുടെ കാലാവധി കഴിഞ്ഞതു കൊണ്ടാണ് കെയർ ടേക്കർ ഗവർണർ എന്ന് വിളിച്ചത്. ഗവർണറുടെ കാലാവധി കഴിഞ്ഞാൽ അടുത്ത പിൻഗാമി വരുന്നതുവരെ ഈ ഗവർണർക്ക് തുടരാം എന്നാണ് ഭരണഘടനയിൽ പറയുന്നത്. അപ്പോൾ ഈ ഗവർണർ കെയർടേക്കർ അല്ലേയെന്നും ഗോവിന്ദൻ ചോദിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com