'തെറ്റ് മനസിലാക്കാന്‍ 50 വര്‍ഷമെടുത്തു'; സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കരുതെന്ന വിലക്ക് പിന്‍വലിച്ചതില്‍ മധ്യപ്രദേശ് ഹൈക്കോടതി

നിരോധനം വഴി നിരവധി ജീവനക്കാർക്ക് രാജ്യസേവനം ചെയ്യാനുള്ള താൽപര്യം കുറഞ്ഞെന്നായിരുന്നു കോടതിയുടെ പരാമർശം
'തെറ്റ് മനസിലാക്കാന്‍ 50 വര്‍ഷമെടുത്തു'; സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കരുതെന്ന വിലക്ക് പിന്‍വലിച്ചതില്‍ മധ്യപ്രദേശ് ഹൈക്കോടതി
Published on

സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ സ്വയംസേവക് സംഘിൽ വിലക്ക് മാറ്റിയ നടപടിയിൽ വിചിത്ര പരാമർശവുമായി മധ്യപ്രദേശ് ഹൈക്കോടതി. നിരോധനം വഴി നിരവധി ജീവനക്കാർക്ക് രാജ്യസേവനം ചെയ്യാനുള്ള താൽപര്യം കുറഞ്ഞെന്നായിരുന്നു കോടതിയുടെ പരാമർശം. ആർഎസ്എസ് പോലെ 'അന്താരാഷ്ട്രതലത്തിൽ' പ്രശസ്തമായ സംഘടന സർക്കാർ ജീവനക്കാർക്ക് നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടികയിൽ തെറ്റായി ഇടം നേടിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കേന്ദ്രസർക്കാരിന് ഏകദേശം അഞ്ച് പതിറ്റാണ്ടുകളെടുത്തുവെന്നും കോടതി വിമർശിച്ചു. മുൻ കേന്ദ്ര സർക്കാർ ജീവനക്കാരനായ പുരുഷോത്തം ഗുപ്തയുടെ റിട്ട് ഹർജിയിലാണ് ജസ്റ്റിസുമാരായ സുശ്രുത അരവിന്ദ് ധർമാധികാരി, ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ പരാമർശം.

ആർഎസ്എസ് പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം തടയുന്ന കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങളും കേന്ദ്രത്തിൻ്റെ ഓഫീസ് മെമ്മോറാണ്ടങ്ങളും ചോദ്യം ചെയ്ത് ഗുപ്ത കഴിഞ്ഞ വർഷം സെപ്റ്റംബർ 19 ന് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമർശം. രാജ്യത്തെ നിരോധിത സംഘടനകളുടെ കൂട്ടത്തിൽ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ആർഎസ്എസ് പോലുള്ള ഒരു സംഘടനയെ തെറ്റായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ നിന്ന് നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നും അംഗീകരിക്കാനും കേന്ദ്ര സർക്കാരിന് തെറ്റ് തിരിച്ചറിയാനും ഏകദേശം അഞ്ച് പതിറ്റാണ്ടുകളെടുത്തുവെന്നതിൽ കോടതി വിലപിക്കുന്നെന്നും കോടതി പറഞ്ഞു.


രാജ്യത്തിന് പല തരത്തിൽ സേവനം ചെയ്യാനുള്ള നിരവധി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആഗ്രഹങ്ങൾ ഈ നിരോധനം വഴി കുറഞ്ഞു. നിലവിലെ നടപടിക്രമങ്ങൾ ഈ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാത്രമാണ് അത് നീക്കം ചെയ്തതെതെന്നും കോടതി പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ പേഴ്‌സണൽ ആൻ്റ് ട്രെയിനിംഗ് വകുപ്പിനോടും ആഭ്യന്തര മന്ത്രാലയത്തോടും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൻ്റെ ഹോം പേജിൽ ജൂലായ് 9 ലെ ഓഫീസ് മെമ്മോറാണ്ടം പരസ്യമായി പ്രദർശിപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.

ആർഎസ്എസ് സംഘടനയിൽ പ്രവർത്തിക്കാനുള്ള സർക്കാർ ജീവനക്കാരുടെ വിലക്ക് നീക്കാനുള്ള കേന്ദ്രത്തിൻ്റെ തീരുമാനത്തിൽ സന്തുഷ്ടനാണ്.തന്നെപ്പോലുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഇനി എളുപ്പത്തിൽ ആർഎസ്എസിൽ ചേരാമെന്നും 2022-ൽ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ നിന്ന് വിരമിച്ച ഹർജിക്കാരൻ ഗുപ്ത പിടിഐയോട് പറഞ്ഞു.

അതേസമയം ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടില്ല. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇത് പൊതുജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്. എന്നാൽ ആർഎസ്എസിനൊപ്പം വിലക്കുണ്ടായിരുന്ന ജമാ അത്തെ ഇസ്ലാമിക്ക് പുതിയ ഉത്തരവ് ബാധകമല്ല. 1966 നവംബർ 30ന് ആണ് സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്നതു വിലക്കികൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com