ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്രം പിൻവാങ്ങുന്നു; പരസ്യം പിൻവലിക്കാൻ നിർദേശം

വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനായിരുന്നു കേന്ദ്ര നീക്കം
ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്രം പിൻവാങ്ങുന്നു; പരസ്യം പിൻവലിക്കാൻ  നിർദേശം
Published on

ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് പിൻവാങ്ങാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് നൽകിയിരുന്ന പരസ്യം പിൻവലിക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് (യുപിഎസ്‌സി)നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ലാറ്ററൽ എൻട്രി നിയമനങ്ങൾക്കെതിരെ ഘടകകക്ഷികളിൽ നിന്ന് എതിർപ്പുയർന്നതിനെ തുടർന്നാണ് കേന്ദ്ര നീക്കം. ഈ തീരുമാനം സാമൂഹ്യനീതിക്ക് യോജിച്ചതെന്ന് കേന്ദ്രമന്ത്രി ജിതേന്ദർ സിംഗ് യുപിഎസ്‌സി മേധാവിക്ക് അയച്ച കത്തിൽ പറഞ്ഞു.

വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനായിരുന്നു കേന്ദ്ര നീക്കം. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവര്‍ ഉയർത്തിയത്. യുപിഎസ്‍സിക്ക് പകരം ആർഎസ്എസ് വഴി സർക്കാർ ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുന്നെന്നാണ് രാഹുൽ വിമര്‍ശിച്ചത്.

ഇത് സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ഉന്നത തസ്തികകളിൽ നിന്നും പിന്നോക്ക വിഭാഗങ്ങളെ തഴയുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു. ബിജെപിയുടെ ബിഹാർ സഖ്യകക്ഷിയായ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും കേന്ദ്ര നീക്കത്തെ വിമർശിച്ചിരുന്നു.ഏത് സർക്കാർ നിയമനത്തിലും സംവരണ വ്യവസ്ഥകൾ ഉണ്ടായിരിക്കണമെന്നും. ഈ തീരുമാനം ആശങ്കാജനകമാണെന്നും,” പാസ്വാൻ പ്രതികരിച്ചതായി പറഞ്ഞതായി വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.


എല്ലാത്തരം സർക്കാർ നിയമനങ്ങളിലും സംവരണ നിയമങ്ങൾ സർക്കാർ പാലിക്കണം, പ്രധാനമന്ത്രി മോദിക്ക് പട്ടികജാതി/പട്ടികവർഗക്കാരുടെയും പിന്നാക്ക വിഭാഗക്കാരുടെയും ആശങ്കകൾ മനസ്സിലായതിൽ സന്തോഷമുണ്ടെന്നും എൻ്റെ പാർട്ടിയും ഞാനും പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും പസ്വാൻ പറഞ്ഞു."

Related Stories

No stories found.
News Malayalam 24x7
newsmalayalam.com