വെല്ലുവിളികളും പ്രതിസന്ധികളും ഏറെ; എട്ടാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമലാ സീതാരാമൻ

ധനമന്ത്രി നിർമലാ സീതാരാമൻ ചില ചോദ്യങ്ങൾക്ക് ഇന്നു നൽകുന്ന ഉത്തരങ്ങളാണ് നിർണായകമാവുക
വെല്ലുവിളികളും പ്രതിസന്ധികളും ഏറെ; എട്ടാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമലാ സീതാരാമൻ
Published on

രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നതിനിടെ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഇന്നത്തെ അവതരണത്തോടെ നിർമലാ സീതാരാമൻ എട്ടു ബജറ്റുകളുമായി പ്രണബ് മുഖർജിക്ക് ഒപ്പമെത്തും. പ്രധാന തെരഞ്ഞെടുപ്പുകളൊന്നും വരാനില്ല എന്നതിനാൽ ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള കർശന നിർദേശങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.


ധനമന്ത്രി നിർമലാ സീതാരാമൻ ചില ചോദ്യങ്ങൾക്ക് ഇന്നു നൽകുന്ന ഉത്തരങ്ങളാണ് നിർണായകമാവുക. സമരംചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളിലുള്ള സർക്കാരിന്‍റെ നിലപാടെന്ത്? താങ്ങുവില വർധിപ്പിച്ച് സർക്കാരിന്‍റെ നിയമപരമായ ബാധ്യതയായി പ്രഖ്യാപിക്കുമോ? പഴയ സമ്പ്രദായത്തിലുള്ള ആദായനികുതി അവസാനിപ്പിക്കുമോ? പുതിയ സമ്പ്രദായത്തിലെ ആദായ നികുതിഘടന മാറുമോ? സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ എന്തൊക്കെയാണ് നടപടികൾ? ബാങ്കുകളിലേക്കു പണമെത്തിക്കാൻ എന്തെല്ലാമാണ് പദ്ധതികൾ? തകർച്ചയിലേക്കു നീങ്ങുന്ന വ്യവസായ മേഖലയെ എങ്ങനെയാണ് കേന്ദ്രസർക്കാർ സഹായിക്കുക? ബജറ്റിൽ ചെലവുകൾക്കുള്ള പണം കണ്ടെത്താൻ പുതിയ ഏതു വഴിയാണ് വെട്ടിത്തുറക്കുക? കൊച്ചി ഷിപ്പ് യാഡിന്‍റേതുൾപ്പെടെ കൂടുതൽ ഓഹരികൾ വിറ്റൊഴിക്കുമോ? ഇതാണ് പ്രധാന ചോദ്യങ്ങൾ ഇവയാണ്.

ബജറ്റ് അവതരണത്തിൽ അഞ്ചു പ്രതിസന്ധികളാണ് നിർമലാ സീതാരാമന് മുന്നിൽ. ഒന്ന്, രൂപയുടെ മൂല്യം ഒരു ഡോളറിന് 86ന് മുകളിലായി. രണ്ട്, ഓഹരി വിപണിയിൽ വ്യാപകമായി നടക്കുന്ന വിറ്റൊഴിക്കൽ. മൂന്ന്, ഇന്ത്യക്കുമേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന ഡോണാൾഡ് ട്രംപിന്‍റെ ഭീഷണി. നാല്, രാജ്യാന്തര എണ്ണവില കുറഞ്ഞപ്പോഴൊന്നും പെട്രോൾ ഡീസൽ വില കുറയ്ക്കാൻ സാധിച്ചിട്ടില്ല. അഞ്ച്, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് ശേഷം 10 വർഷമായിട്ടും ശ്രദ്ധേയമായ വൻകിടപദ്ധതികളൊന്നും പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല.


ഈ അഞ്ചു പ്രശ്നങ്ങളെ മറികടക്കാൻ രണ്ടു സാധ്യതകളാണ് ധനമന്ത്രിക്കു മുന്നിലുള്ളത്. ഒന്ന്, 1992ൽ നരസിംഹറാവു സർക്കാരിന്‍റെ കാലത്ത് ഡോ. മൻമോഹൻ സിങ് അവതരിപ്പിച്ചതുപോലെ ഒരു സമ്പൂർണ മാറ്റത്തിന്‍റെ ബജറ്റ്. രണ്ട്, സാധാരണക്കാരുടെ എതിർപ്പ് തണുപ്പിക്കാൻ സൗജന്യങ്ങളും വാഗ്ദാനങ്ങളും നിറഞ്ഞ ഒരു ബജറ്റ്. ഇതു രണ്ടുമല്ലാതെ മറ്റേതു വഴിയിലേക്കു തിരിഞ്ഞാലും കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടിവരും. ധനമന്ത്രി എന്ന നിലയിൽ നിർമലാ സീതാരാമന് ചരിത്രത്തിൽ ഇടംപിടിക്കാനുള്ള സാധ്യതകൂടിയാണ് ഈ പ്രതിസന്ധി തുറക്കുന്നത്.


ഇന്ന് എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമലാ സീതാരാമൻ മുൻരാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഒപ്പമെത്തും. ഇനി ഒൻപതു ബജറ്റ് അവതരിപ്പിച്ച് പി. ചിദംബരവും പത്തെണ്ണം അവതരിപ്പിച്ച മൊറാർജി ദേശായിയും മാത്രമാണ് നിർമല സീതാരാമന് മുന്നിൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com