ഓസ്ട്രിയ മുതൽ റൊമേനിയ വരെ വെള്ളപ്പൊക്കം, ചെക്ക് റിപ്പബ്ളിക്കും പോളണ്ടും മുങ്ങി; കാലാവസ്ഥാ മാറ്റം മധ്യ യൂറോപ്പിൽ ദുരിതം വിതയ്ക്കുന്നു

ദുരന്തങ്ങളെല്ലാം വിരൽചൂണ്ടുന്നത് ലോകത്തെയാകെ തിളപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിലേക്കാണ്
ഓസ്ട്രിയ മുതൽ റൊമേനിയ വരെ വെള്ളപ്പൊക്കം, ചെക്ക് റിപ്പബ്ളിക്കും പോളണ്ടും മുങ്ങി; കാലാവസ്ഥാ മാറ്റം മധ്യ യൂറോപ്പിൽ ദുരിതം വിതയ്ക്കുന്നു
Published on


കാലാവസ്ഥാ മാറ്റത്തിൻ്റെ കൊടിയ ദുരിതമറിയുകയാണ് മധ്യ യൂറോപ്പ്. ഓസ്ട്രിയ മുതൽ റൊമേനിയ വരെ വെള്ളപ്പൊക്കം. ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം കൃത്യമായി ആവർത്തിക്കുന്ന പ്രതിഭാസമായി മാറുകയാണ് പ്രളയങ്ങൾ. ബോറിസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ മധ്യ യൂറോപ്യൻ രാജ്യങ്ങൾ വെള്ളത്തിലായി. ചെക്ക് റിപ്പബ്ലിക്കിനും പോളണ്ടിനും മധ്യേയുള്ള പ്രദേശങ്ങളെയാണ് വലിയ തോതിൽ ബാധിച്ചത്.

കിഴക്കൻ റൊമാനിയയിലെ നിരവധി നഗരങ്ങളിലും പ്രളയമെത്തി. നൂറുകണക്കിന് വീടുകൾ നിലംപതിച്ചു. പാലങ്ങൾ തകർന്നു. ഇതിനകം തന്നെ പത്ത് പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയുമുയർന്നേക്കും. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഓസ്ട്രിയ മുതൽ റൊമേനിയ വരെ നീളുന്ന യൂറോപ്യൻനിര നിരന്തര പ്രളയഭീതിയിലാണ്. മഴയെത്തുമ്പോഴേക്ക് കരകവിഞ്ഞ് ഒഴുകുന്ന നദികൾ പ്രളയ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. മധ്യ യൂറോപ്പിലെ പല നദികളുടെയും ജലനിരപ്പ് ക്രമാതീതമായാണ് ഉയർന്നത്.  

കാലം തെറ്റിയുണ്ടാകുന്ന മഴയും വരൾച്ചയും ജനജീവിതത്തെ മാറ്റിമറിച്ചു. യൂറോപ്പിൻ്റെ വടക്കൻ മേഖലയിൽ കനത്ത മഴ അനുഭവപ്പെടുമ്പോൾ തെക്കൻ ഭാഗത്ത് കാട്ടുതീയും വരൾച്ചയും ഉണ്ടാകുന്നു. ഓരോ സീസൺ അനുസരിച്ച് പ്രതിഭാസങ്ങൾ മാറിമറിയുന്നു. ദുരന്തങ്ങളെല്ലാം വിരൽചൂണ്ടുന്നത് ലോകത്തെയാകെ തിളപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിലേക്കാണ്.

വടക്കൻ ബാൾട്ടിക് മേഖല ഒഴികെ യൂറോപ്പിലെ പല ഭാഗങ്ങളിലും കടൽ ജലനിരപ്പ് ഉയരുന്നതായാണ് പഠനങ്ങൾ. വരും വർഷങ്ങളിൽ യൂറോപിൻ്റെ സമുദ്രോപരിതല താപനില ഉയരുമെന്നും കടലിൽ കൂടുതൽ അമ്ലമഴമുണ്ടാകാമെന്നുമാണ് ഈ പഠനങ്ങൾ പറയുന്നത്. അതേസമയം, ഭൂമി ഗ്ലോബൽ വാമിംഗും കടന്നിപ്പോൾ ഗ്ലോബൽ ബേണിങ്ങിലേക്ക് എത്തിയെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com