ഡൽഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ അനുമതി നൽകി കേന്ദ്ര സര്‍ക്കാർ

ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം
ഡൽഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ അനുമതി നൽകി കേന്ദ്ര സര്‍ക്കാർ
Published on


മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ കേന്ദ്രസർക്കാരിൻ്റെ അനുമതി. കെജ്‌രിവാളിനെയും എഎപി മുതിർന്ന നേതാവ് മനീഷ് സിസോദിയയെയും വിചാരണ ചെയ്യണമെന്ന് ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന ശുപാർശ നൽകിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം.

മുതിർന്ന എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്‌ക്കെതിരായ വിചാരണയ്ക്കും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കെജ്‌രിവാളിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ)ചുമത്തി നേരത്തെ കേസെടുത്തിരുന്നുവെങ്കിലും വിചാരണ ആരംഭിച്ചിരുന്നില്ല. കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങൾ അന്വേഷിക്കുന്ന ഇഡി മാർച്ച് 21ന് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിൽ ജയിലിൽ മോചിതനായതിന് പിന്നാലെ കെജ്‍രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ശേഷമാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന അതിഷി മർലേന മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.

അതേസമയം മദ്യനയം 2026 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന സിഎജി റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വകാര്യ മദ്യശാലകൾക്ക് ലൈസൻസ് നൽകിയതിലും ക്രമക്കേടുകളുണ്ട്. അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയ വിദഗ്ധ സമിതിയുടെ ശുപാർശകൾ അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

മദ്യനയത്തിലൂടെ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ആംആദ്മി പാർട്ടി നേതാക്കൾക്ക് മാത്രമാണ് പ്രയോജനം ലഭിച്ചതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. ദേശീയ തലസ്ഥാനത്തെ മദ്യ റീട്ടെയിൽ ലാൻഡ്‌സ്‌കേപ്പ് നവീകരിക്കാനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് 2021നവംബറിൽ മദ്യനയം അവതരിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com