
പൗരത്വ ഭേദഗതി നിയമം അനുസരിച്ച് ഇന്ത്യന്‍ പൗരത്വം നല്‍കിയ ആളുകളുടെ കണക്ക് പുറത്തുവിടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വ്യക്തമായ മറുപടി നല്‍കാതെയാണ് കേന്ദ്രം കണക്കുകള്‍ മറച്ചു പിടിക്കുന്നതെന്ന് കൊച്ചി സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ രാജു വാഴക്കാല ആരോപിച്ചു. വിവരാവകാശ നിയമ പ്രകാരം രാജു സമര്‍പ്പിച്ച അപേക്ഷയിലാണ്കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കാത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളും അതിനെ തുടര്‍ന്നുണ്ടായ കേസുകളും രാജ്യത്ത് വലിയ ചര്‍ച്ചയായതാണ്. പൗരത്വ ഭേദഗതി നിയമം വിവരാവകാശ നിയമത്തിനു കീഴില്‍ വരാത്തതോ രാജ്യ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയാത്തതോ ആയ ഒന്നല്ല. എന്നാല്‍ സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കിയ ആളുകളുടെ കണക്ക് ചോദിച്ചാല്‍ കേന്ദ്രം സാങ്കേതികത്വം പറഞ്ഞു ഉത്തരം നല്‍കാതെ കണക്കുകള്‍ മറച്ചു പിടിക്കുകയാണെന്നാണ് രാജു വാഴക്കാലയുടെ ആരോപണം.
25000 അധികം അപേക്ഷകള്‍ ലഭിച്ചുവെന്നും ഇതില്‍ 350 പേര്‍ക്ക് ഇതുവരെ സിഎഎ നിയമപ്രകാരം അംഗത്വം ലഭിച്ചുവെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളടക്കം നല്‍കിയിരുന്നു. എന്നാല്‍ ഇത് എവിടെയൊക്കെ ഏതൊക്കെ ആള്‍ക്കാര്‍ക്ക് ലഭിച്ചു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കു ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിഞിട്ടില്ലെന്നും രാജു വാഴക്കാല പറയുന്നു.