ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തം: NDRF-ലെ തുക മാനദണ്ഡം കണക്കാക്കാതെ വിനിയോഗിക്കാം; കേന്ദ്രം ഹൈക്കോടതിയില്‍

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തം: NDRF-ലെ തുക മാനദണ്ഡം കണക്കാക്കാതെ വിനിയോഗിക്കാം; കേന്ദ്രം ഹൈക്കോടതിയില്‍
Published on


വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തമായി അംഗീകരിച്ചതോടെ എന്‍ഡിആര്‍എഫിലെ പണം മാനദണ്ഡങ്ങള്‍ കണക്കാക്കാതെ വിനിയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചു. ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സംസ്ഥാനത്തിന് വിവിധ തരം ധനസഹായങ്ങൾക്ക് അര്‍ഹതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി ഈ മാസം 16ന് പരിഗണിക്കാനായി മാറ്റി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഇന്ന് ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരം എന്‍ഡിആര്‍എഫിലെ തുകയായ 120 കോടി രൂപ വിനിയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ തവണ കേസ് വാദിക്കുമ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. പുനരധിവാസമടക്കമുള്ള കാര്യങ്ങള്‍ക്ക് ഈ മാനദണ്ഡങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തുക വിനിയോഗിക്കാന്‍ മാനദണ്ഡം കണക്കാക്കേണ്ടതില്ലെന്ന കേന്ദ്രത്തിന്‍റെ നിലാപാട് സംസ്ഥാന സര്‍ക്കാരിന് വലിയ ആശ്വാസമാകും.

കേരളം നിരന്തരം ആവശ്യപ്പെട്ടതു പ്രകാരമാണ് വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. അതിതീവ്ര ദുരന്തമായ പ്രഖ്യാപനം വന്നതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് കൂടുതല്‍ നേട്ടങ്ങളുണ്ടാകും. എന്‍ഡിആര്‍എഫിന്റെ അധികതുക ലഭ്യമാകും എന്നതാണ് പ്രധാനം. ലോകബാങ്ക്, എഡിബി തുടങ്ങിയവയില്‍ നിന്ന് വിവിധ എന്‍ജിഒകള്‍ വഴി പണം ലഭിക്കും. പതിനാറാം ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും സംസ്ഥാനത്തിന് അര്‍ഹതയുണ്ട്.

രാജ്യത്തെ ഏത് പാര്‍ലമെന്റ് അംഗത്തിനും പുനരധിവാസ പദ്ധതിയിലേക്ക് ഒരുകോടി രൂപ വരെ നല്‍കാം. ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിതള്ളും. മനുഷ്യര്‍ക്കൊപ്പം നഷ്ടമായ വളര്‍ത്തു മൃഗങ്ങളും ധനസഹായ പട്ടികയില്‍പ്പെടും. കെട്ടിടവും പാലങ്ങളും ഉള്‍പ്പെടെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടും. അങ്ങനെ സംസ്ഥാനം തീരുമാനിച്ച പ്രകാരമുള്ള പുനരധിവാസ പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനത്തോടെ വഴിയൊരുങ്ങുന്നത്.

ഇടപെടലിലേക്ക് വഴി വെച്ചത് കേന്ദ്രത്തിനെതിരായ ഹൈക്കോടതി വിമര്‍ശനത്തിനൊപ്പം കോടതി നിയോഗിച്ച അമിക്കസ് ക്യുരിയുടെ റിപ്പോര്‍ട്ടുമാണ്. ചൂരല്‍മല മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടത് തന്നെ എന്നായിരുന്നു അമിക്കസ്‌ക്യുറിയുടെ റിപ്പോര്‍ട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com