ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള പ്രായപരിധി ഇളവ് പിന്‍വലിച്ച് കേന്ദ്രം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 28ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇളവ് പിന്‍വലിക്കുന്നതായി വ്യക്തമാക്കുന്നത്.
ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള പ്രായപരിധി ഇളവ് പിന്‍വലിച്ച് കേന്ദ്രം
Published on


ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി പ്രായപരിധിയില്‍ നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. 2007 ല്‍ യുപിഎ സര്‍ക്കാര്‍ ആണ് ഇളവ് പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 28ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇളവ് പിന്‍വലിക്കുന്നതായി വ്യക്തമാക്കുന്നതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

'2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുട്ടികള്‍ക്കോ കുടുംബങ്ങള്‍ക്കോ പാരാമിലിറ്ററി ഫോഴ്‌സ്, ഐആര്‍ ബറ്റാലിയന്‍സ്, സ്റ്റേറ്റ് പൊലീസ് ഫോഴ്‌സ്, മറ്റു കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി പ്രായപരിധിയില്‍ നല്‍കി വന്നിരുന്ന ഇളവ് പിന്‍വലിക്കുന്നതിനായി ഉത്തരവിടുന്നു,'എന്ന് കത്തില്‍ പറയുന്നു.

2007 ജനുവരിയിലാണ് ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വ്യവസ്ഥ അവതരിപ്പിക്കുന്നത്. മെയ് 14 മുതലായിരുന്നു ഇളവ് പ്രാബല്യത്തില്‍ വന്നത്. സാമ്പത്തിക സഹായത്തിന് പുറമെയായിരുന്നു ജോലിയില്‍ പ്രായപരിധിയിലെ ഇളവ് കൂടി നല്‍കിയത്.

2014ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റലിജന്‍സ് ബ്യൂറോ, സിഐഎസ്എഫ് തുടങ്ങിയ മേഖലകളില്‍ കൂടി ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഇളവ് വ്യാപിപ്പിച്ചിരുന്നു. വംശഹത്യയില്‍ കൊല്ലപ്പെട്ടയാളുടെ ദത്തെടുക്കപ്പെട്ട മകന്‍/മകള്‍, കൊല്ലപ്പെട്ടയാളെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബാംഗങ്ങള്‍ (ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍, വിവാഹിതരല്ലാത്ത സഹോദരങ്ങള്‍) ക്കാണ് ഇളവ് ലഭിച്ചു പോന്നിരുന്നത്. അഞ്ച് വര്‍ഷം വരെയായിരുന്നു പ്രായപരിധി ഇളവ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com