
രാജ്യത്ത് ദളിതർക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ. ദളിത് പീഡന കേസുകളിൽ പ്രതിയാവുന്നവർക്ക് ശിക്ഷ ലഭിക്കാത്ത സാഹചര്യം രാജ്യത്ത് കൂടി വരികയാണ്. രാജ്യത്തെ 13 സംസ്ഥാനങ്ങളിലാണ് 97 ശതമാനം ദളിത് വിരുദ്ധ അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നും റിപ്പോർട്ടിലുണ്ട്.
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിൻ്റെ പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 97 ശതമാനം ദളിതർക്കെതിരായ അതിക്രമങ്ങളും നടക്കുന്നത് 13 സംസ്ഥാനങ്ങളിലാണ്. എസ്‌സി, എസ്‌ടി അട്രോസിറ്റീസ് ആക്ട് പ്രക്രാരമുള്ള കേസുകളുടെ വിശദാംശങ്ങളാണ് പുതിയ റിപ്പോർട്ടിലുള്ളത്. 2022ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത 52,866 ദളിത് അതിക്രമ കേസുകളിൽ പട്ടികജാതി വിഭാഗക്കാർക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്നത് ഉത്തർപ്രദേശിലാണ്. 12,287 കേസുകളാണ് യുപിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 8,651 കേസുകളുമായി രാജസ്ഥാൻ രണ്ടാം സ്ഥാനത്തും 7,732 കേസുകളുമായി മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുമാണുള്ളത്.
ബിഹാറും ഒഡീഷയും മഹാരാഷ്ട്രയും അടക്കം എടുത്താൽ ആകെ കേസുകളിൽ 81 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിലാണ്. പട്ടിക വർഗക്കാർക്കെതിരായ അതിക്രമങ്ങളിലും സമാനമായ കണക്കുകളാണുള്ളത്. തെളിവുകളുടെ അഭാവം കാണിച്ചും കള്ളക്കേസെന്നും ചൂണ്ടിക്കാട്ടി പട്ടികജാതിക്കാരുമായി ബന്ധപ്പെട്ട കേസുകൾ പൊലീസ് തീർപ്പാക്കുകയാണെന്ന് സന്നദ്ധ സംഘടനകൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം കേന്ദ്ര റിപ്പോർട്ട് തന്നെ ശരിവെക്കുന്നുണ്ട്. 14.78 ശതമാനം കേസുകൾ പൊലീസ് തീർപ്പാക്കിയെന്നാണ് കണക്ക്.
2022ൽ രജിസ്റ്റർ ചെയ്തതിൽ 17,166 കേസുകളിൽ ഇനിയും അന്വേഷണം പോലും പൂർത്തിയായിട്ടില്ല എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കേസുകളുടെ ശിക്ഷാ നിരക്ക് കുറഞ്ഞുവരികയാണ് എന്ന ആശങ്കയും റിപ്പോർട്ട് പങ്കുവെക്കുന്നു. അതായത് ദളിത് പീഡന കേസുകളിൽ പ്രതിയാവുന്നവർക്ക് ശിക്ഷ ലഭിക്കാത്ത സാഹചര്യം രാജ്യത്ത് കൂടിവരികയാണ്. 2020ൽ 39.2% ആയിരുന്ന ശിക്ഷാനിരക്ക്, 2022ൽ 32.4% ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ടിലുള്ളത്.
കേസുകൾ കൈകാര്യം ചെയ്യാൻ രൂപീകരിച്ച പ്രത്യേക കോടതികളുടെ എണ്ണം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. 14 സംസ്ഥാനങ്ങളിലെ 498 ജില്ലകളിൽ 194 മാത്രമാണ് വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികൾ രൂപീകരിച്ചത്. ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളിൽ എസ‌്സി-എസ്‌ടി വിഭാഗങ്ങളുടെ പരാതികൾ കേൾക്കാൻ പ്രത്യേക മാതൃകാ പൊലീസ് സ്റ്റേഷനുണ്ടെന്നും റിപ്പോർട്ടിലുണ്ട്.