
വയനാട് ദുരന്തത്തിൻ്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത് എന്ന് കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെയും പരിഗണിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
"ദുരന്തത്തിൻ്റെ വ്യാപ്തിയും സാഹചര്യവും കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താനായി. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത ദുരന്തമെന്ന് ബോധ്യപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെയും പരിഗണിക്കണമെന്ന കാര്യം അവരോട് ആവശ്യപ്പെട്ടു. മാത്രമല്ല, ഇന്ന് ഉണ്ടായ പ്രകമ്പനത്തെ കുറിച്ചും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്." മുഹമ്മദ് റിയാസ് പറഞ്ഞു.
വയനാടിനു പുറമേ കോഴിക്കോട്, പാലക്കാട് ജില്ലകളിലും ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും കുലുക്കവും ഉണ്ടായതാണ് വിവരം. എന്നാൽ സംസ്ഥാനത്തെ ഒരു ഭൂകമ്പ മാപിനിയിലും ഇന്ന് ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല എന്ന് നാഷനൽ സീസ്മോളജിക് സെൻ്റര്‍ അറിയിച്ചു. പ്രകമ്പനമാകാം ഉണ്ടായതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രകമ്പനം ഉണ്ടായെന്ന് പറയപ്പെടുന്ന പ്രദേശങ്ങള്‍ റവന്യൂ വകുപ്പും ജിയോളജി വകുപ്പും സംയുക്തമായി പരിശോധിച്ചു വരികയാണ്.
വയനാട്ടിൽ നിന്നും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും രംഗത്തെത്തിയിരുന്നു. ഭൂമി കുലുക്കമുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ വയനാട്ടിൽ ഭൂമികുലുക്കമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.