
രാജിവെക്കണമെന്ന സിപിഎം ആവശ്യം തള്ളി ഇടുക്കി തൊടുപുഴ നഗരസഭ ചെയർമാൻ. സ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും സനീഷ് ജോർജ് പരസ്യമായി പ്രഖ്യാപിച്ചു. സിപിഎം സനീഷ് ജോർജിന് സംരക്ഷണം ഒരുക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ട തൊടുപുഴ നഗരസഭ ചെയർമാൻ ദിവസങ്ങൾക്കു ശേഷം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. രാജി വെച്ച് അന്വേഷണം നേരിടണമെന്ന സിപിഎം നിർദേശം സനീഷ് ജോർജ് തള്ളി.
സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി ചോദിച്ച കേസിലാണ് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. കേസിൽ ഗൂഢാലോചന ഉണ്ടോയെന്നു ഇപ്പോൾ പറയുന്നില്ലെന്നും സമയമാകുമ്പോൾ എല്ലാം തുറന്നു പറയുമെന്നും സനീഷ് വ്യക്തമാക്കി.
അതേസമയം കൈക്കൂലി കേസിൽ സനീഷ് രാജി വയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിൻ്റെ തീരുമാനം. എന്നാൽ സനീഷിൻ്റെ തീരുമാനത്തിൽ ഇടത് കൗൺസിലർമാർക്ക് കടുത്ത അതൃപ്തിയുണ്ട്. സനീഷ് ജോർജിൻ്റെ നിലപാടിൽ സിപിഎം തുടർന്ന് എന്ത് നടപടി സ്വീകരിക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല.