

ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിനായി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളുടെ പഴക്കമുള്ള സ്റ്റാൻഡിലെ പലഭാഗങ്ങളും പൊളിഞ്ഞ് വീഴുന്നത് പതിവായതോടെയാണ് യാത്രക്കാരും നാട്ടുകാരും ആവശ്യവുമായി രംഗത്തെത്തിയത്. ഗതാഗതമന്ത്രി വിഷയത്തിൽ ഇടപ്പെട്ടതായും പരാതികൾ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കാലവർഷം വേണമെന്നില്ല, നല്ല കാറ്റടിച്ചാൽ പോലും ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കോൺക്രീറ്റ് കഷണങ്ങൾ ആരുടെയെങ്കിലും തലയിലും വീഴാൻ പോകുന്ന അവസ്ഥയിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കോൺക്രീറ്റ് വീണു. സ്റ്റാൻഡിൽ ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്ക് പറ്റിയിരുന്നില്ല.
ദിവസവും ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ മുൻപും നിരവധി തവണ കോൺക്രീറ്റ് പാളികൾ അടർന്ന് വീണിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരുമൊക്കെ ഇതേ ചൊല്ലി ഒട്ടേറ തവണ പരാതിയും നൽകി. എന്നാൽ നാളിതുവരെ അധികാരികൾ യാതാരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. എന്നാൽ കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലുണ്ടായ അപകടം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിഷയത്തിൽ ഗതാഗത മന്ത്രി ഇടപെട്ടതായി കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി.
കെട്ടിടത്തിൻ്റെ തകരാറുകൾ കണ്ടെത്തി അറ്റകുറ്റപ്പണികൾ നടത്തണമെന്നും യാത്രക്കാർക്ക് അനുയോജ്യമായ കൂടുതൽ സൗകര്യങ്ങളൊരുക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. എന്നാൽ 48 വർഷത്തിലേറെ പഴക്കമുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിന് ഇതിനോടകം ബലക്ഷയം ഉണ്ടായിട്ടുണ്ടെന്നും പുതിയ കെട്ടിടം നിർമ്മിക്കുകയാണ് വേണ്ടതെന്നുമാണ് യാത്രക്കാരുടെ ആവശ്യം.