
കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അനുശോചനമറിയിച്ച് നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയായിരുന്നു.
"ഞാനും ഇസ്രയേലിലെ ഒരുപാട് ആളുകളും രത്തൻ നവൽ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ അഭിമാന പുത്രൻ, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമാക്കിയ വ്യക്തി കൂടിയാണ് രത്തൻ ടാറ്റ," നെതന്യാഹു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
ഒക്ടോബർ ഒൻപതിനാണ് രത്തൻ ടാറ്റ വിടവാങ്ങിയത്. ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി നീണ്ട 21 വര്‍ഷം പ്രവര്‍ത്തിച്ചിരുന്ന രത്തന്‍ ടാറ്റ ഇന്ത്യയിലെ തന്നെ ഏറ്റവും ജനുപ്രിയനായ വ്യവസായി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. 86 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു വിയോഗം.