ചാംപ്യൻസ് ബോട്ട് ലീഗ്; ആദ്യ മത്സരം ഉപേക്ഷിച്ചു, നടപടി കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പ്രതിഷേധത്തെ തുടർന്ന്

ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ചാംപ്യൻസ് ബോട്ട് ലീഗിന് ടൂറിസം വകുപ്പ് പച്ചക്കൊടി വീശിയത്
ചാംപ്യൻസ് ബോട്ട് ലീഗ്; ആദ്യ മത്സരം ഉപേക്ഷിച്ചു, നടപടി കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പ്രതിഷേധത്തെ തുടർന്ന്
Published on

ചാംപ്യൻസ് ബോട്ട് ലീഗിലെ ഈ വർഷത്തെ ആദ്യ മത്സരം ഉപേക്ഷിച്ചു. കോട്ടയം താഴത്തങ്ങാടി വള്ളംകളിയുടെ ഫൈനാലാണ് ഉപേക്ഷിച്ചത്. കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ഫൈനലിൽ എത്തിയ ചുണ്ടൻ വള്ളങ്ങൾക്ക് പോയിന്‍റ് തുല്യമായി നൽകും.

ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ചാംപ്യൻസ് ബോട്ട് ലീഗിന് ടൂറിസം വകുപ്പ് പച്ചക്കൊടി വീശിയത്. വള്ളംകളി പ്രേമികളുടെയും ബോട്ട് ക്ലബുകളുടെയും പ്രതിഷേധം ഫലം കണ്ടതോടെയാണ് സിബിഎല്ലിന്‍റെ ഈ വർഷത്തെ ആദ്യ മത്സരം താഴത്തങ്ങാടിയിൽ ആരംഭിച്ചത്. എന്നാൽ ഏറെ നാളത്തെ കാത്തിരിപ്പിന്‍റെ നിറം കെടുത്തുന്ന നാടകീയ സംഭവങ്ങളാണ് താഴത്തങ്ങാടിയിൽ നടന്നത്.

മഴ കാരണം ഹീറ്റ്സിൽ മെച്ചപ്പെട്ട സമയം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കുമരകം ടൗൺ ബോട്ട് ക്ലബിന്‍റെ പരാതിയാണ് പ്രശ്നങ്ങൾക്ക് തുടക്കം. മറ്റൊരു അവസരം നൽകില്ലെന്ന് സംഘാടകർ അറിയിച്ചതോടെ കുമരകം ടൗണ്‍ ബോട്ട് ക്ലബ് ട്രാക്കിന് കുറുകെ വള്ളം ഇട്ട് പ്രതിഷേധിച്ചു. പ്രതിഷേധം തുടർന്നതോടെ പൊലീസും തുഴച്ചിൽക്കാരും തമ്മിൽ സംഘർഷമുണ്ടായി.

Also Read: മടങ്ങിവരവ് ചരിത്രമാക്കാനായില്ല, ഇതിഹാസ താരം മൈക്ക് ടൈസണെ ഇടിക്കൂട്ടില്‍ വീഴ്ത്തി ജെയ്ക്ക് പോള്‍

പ്രതിഷേധത്തിനിടയിൽ ട്രാക്കും ടൈമർ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വെളിച്ചക്കുറവ് കൂടെ പരിഗണിച്ച് ഫൈനൽ ഉപേക്ഷിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. സിബിഎൽ പോയിൻ്റ് വീതിച്ചു നൽകുമെന്നും പ്രതിഷേധിച്ച ടീമുകൾക്ക് എതിരെ നടപടിയുണ്ടാക്കുമെന്നും അധികൃതർ പറഞ്ഞു. അതേസമയം പൊലീസ് അകാരണമായി മർദിച്ചു എന്ന് ബോട്ട് ക്ലബുകളും ആരോപിച്ചു. ഇക്കഴിഞ്ഞ നെഹ്റു ട്രോഫി വള്ളംകളിയിലും മത്സര ശേഷം കുമരകം ടൗണ്‍ ബോട്ട് ക്ലബ് പ്രതിഷേധിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com