ചാംപ്യൻസ് ട്രോഫി 2025: ദുബായില്‍ ഇന്ത്യന്‍ വിജയഗാഥ, സെമി ഉറപ്പിച്ച് കോഹ്‌ലിയും സംഘവും

ചാംപ്യൻസ് ട്രോഫി 2025: ദുബായില്‍ ഇന്ത്യന്‍ വിജയഗാഥ, സെമി ഉറപ്പിച്ച് കോഹ്‌ലിയും സംഘവും
Published on

ചാംപ്യന്‍സ് ട്രോഫി സെമി കാണാതെ ആതിഥേയരായ പാകിസ്ഥാനെ പുറത്താകലിൻ്റെ വക്കിലെത്തിച്ച് ഇന്ത്യ. പതറി തുടങ്ങിയ പാകിസ്ഥാനെ മുച്ചൂടും മുടിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടെത്. വിരാട് കോഹ്ലിയുടെ മിന്നുന്ന പ്രകടനത്തില്‍ പാകിസ്ഥാനെ തർത്തു. 242 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ വിജയം ഗംഭീരമാക്കിയത് കോഹ്‌ലിയുടെ പ്രകടനമായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ നിര്‍ണായക വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. 15 പന്തില്‍ 20 റണ്‍സ് എടുത്ത രോഹിത്തിനെ ഷഹീന്‍ അഫ്രീദിയാണ് മടക്കിയത്. പതിനേഴാം ഓവറില്‍ അബ്രാര്‍ അഹമ്മദിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്ലും പുറത്തായി. 52 ബോളില്‍ 46 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയസ് അയ്യരും കോഹ്‌ലിയും ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 56 പന്തില്‍ 67 റണ്‍സ് നേടി ശ്രേയസ് പുറത്തായതോടെ കൂട്ടുകെട്ട് അവസാനിച്ചു. പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയും വന്ന വേഗത്തില്‍ തന്നെ മടങ്ങി.

ഇന്ത്യയുടെ വിജയം ഉറപ്പായിരുന്നെങ്കിലും കോഹ്ലിയുടെ സെഞ്ച്വറി നേട്ടത്തിനായിരുന്നു ആരാധകര്‍ മുഴുവന്‍ കാത്തിരുന്നത്. ഒടുവില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് മാത്രം അവശേഷിക്കെ കൂറ്റനൊരു ബൗണ്ടറി പറത്തി സെഞ്ച്വറിയും വിജയവും കോഹ്ലി ഇന്ത്യക്ക് സമ്മാനിച്ചു. ഏകദിനത്തിൽ കോഹ്‌ലിയുടെ 51-ാമത്തെ സെഞ്ച്വറിയാണ് ഇന്ന് ദുബായിൽ പിറന്നത്. 

ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നിലും അടിയറവ് പറഞ്ഞതോടെ ചാംപ്യന്‍സ് ട്രോഫി സ്വപ്‌നങ്ങള്‍ വെറുതേയാകും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ പത്ത് ഓവറിനുള്ളില്‍ തന്നെ പാകിസ്ഥാന് നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ബാബര്‍ അസം (23), ഇമാമുള്‍ ഹഖ് (10) എന്നിവരെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യം തന്നെ തിരിച്ചയച്ചത്. 26 പന്തില്‍ അഞ്ച് ബൗണ്ടറി അടക്കം നേടിയ ബാബര്‍ അസമിനെ ഹാര്‍ദിക് പാണ്ഡ്യ ഔട്ടാക്കിയപ്പോള്‍ ഇമാമുള്‍ ഹഖിനെ അക്‌സര്‍ പട്ടേല്‍ റണ്ണൗട്ടാക്കി.

എന്നാല്‍ പിന്നീടുള്ള വിക്കറ്റുകള്‍ നേടാന്‍ ഇന്ത്യക്ക് അല്‍പം കാത്തിരിക്കേണ്ടി വന്നു. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൗദ് ഷക്കീല്‍, മുഹമ്മദ് റിസ് വാന്‍ സഖ്യം ഇന്ത്യന്‍ പടയെ അല്‍പനേരം വെള്ളംകുടിപ്പിച്ചു. 104 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പാകിസ്ഥാന്‍ ആശ്വാസം നല്‍കിയത് ഷക്കീലും റിസ്വാനുമായിരുന്നു. 34ാം വിക്കറ്റിലാണ് ഇന്ത്യക്ക് മൂന്നാമത്തെ വിക്കറ്റ് ലഭിക്കുന്നത്. അക്‌സര്‍ പട്ടേലിന്റെ ഓവറില്‍ റിസ്വാന്‍ പുറത്തായി. 77 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 46 റണ്‍സായിരുന്നു റിസ്വാന്‍ നേടിയത്. പിന്നാലെ, ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും മടക്കി. 76 പന്തില്‍ അഞ്ച് ഫോറടക്കം 62 റണ്‍സെടുത്തായിരുന്നു ഷക്കീലിന്റെ മടക്കം.

പിന്നാലെ, പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. തയ്യിബ് താഹിറിനെ (4) നിലയുറപ്പിക്കുന്നതിന് മുമ്പ് രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്ഥാന്റെ നില 165 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലായി. എങ്കിലും അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പാകിസ്ഥാന്‍. ആറാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ അഗ-ഖുഷ്ദില്‍ ഷാ സഖ്യം റണ്‍സ് 200 ല്‍ എത്തിച്ചെങ്കിലും കുല്‍ദീപിന് മുന്നില്‍ വിറച്ചു. 200 കടക്കാന്‍ സമ്മതിക്കാതെ കുല്‍ദീപ് ഒരു ഓവറില്‍ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. സല്‍മാന്‍ അലി അഗ, ഷഹീന്‍ അഫ്രീദി എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. 24 പന്തില്‍ നിന്ന് 19 റണ്‍സായിരുന്നു സല്‍മാന്റെ സമ്പാദ്യം.


47 ാമത്തെ ഓവറില്‍ കുല്‍ദീപിന്റെ പന്തില്‍ നസീം ഷായും പുറത്തായി. നസീം ഷാ 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ 39 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഖുല്‍ദില്‍ ഷായാണ് പാക് സ്‌കോര്‍ 241-ല്‍ എത്തിച്ചത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്സറും ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com