നഥാന്‍ എല്ലിസിന്റെ ക്യാച്ചെടുത്ത കോഹ്‍ലി മറികടന്നത് പോണ്ടിങ്ങിന്റെ റെക്കോഡ്

ഓസീസിനെതിരായ സെമി ഫൈനലില്‍, ജോഷ് ഇംഗ്ലിസിന്റെ ക്യാച്ചെടുത്തതോടെ കോഹ്‍ലി പോണ്ടിങ്ങിനൊപ്പം എത്തിയിരുന്നു
നഥാന്‍ എല്ലിസിന്റെ ക്യാച്ചെടുത്ത കോഹ്‍ലി മറികടന്നത് പോണ്ടിങ്ങിന്റെ റെക്കോഡ്
Published on
Updated on



ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന രണ്ടാമത്തെ താരമായി ഇന്ത്യയുടെ വിരാട് കോഹ്‍ലി. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ നഥാന്‍ എല്ലിസിന്റെ ക്യാച്ചെടുത്തതോടെ, ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോഹ്‍ലി രണ്ടാം സ്ഥാനത്തെത്തിയത്. ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെയാണ് പട്ടികയിലെ ഒന്നാമന്‍.

301 മത്സരങ്ങളില്‍ നിന്നായി 161 ക്യാച്ചുകളാണ് കോഹ്ലിക്കുള്ളത്. 375 മത്സരങ്ങളില്‍നിന്ന് 160 ക്യാച്ചുകളാണ് പോണ്ടിങ്ങിന്റെ പേരിലുള്ളത്. 448 മത്സരങ്ങളില്‍നിന്ന് 218 ക്യാച്ചുമായാണ് ലങ്കന്‍ താരം ജയവര്‍ധനെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (156), റോസ് ടെയ്‌ലര്‍ (142) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. അതേസമയം, ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ ആരും തന്നെ ആദ്യ കോഹ്‌ലിയുടെ അടുത്തെങ്ങും ഇല്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 96 ക്യാച്ചുമായി 35-ാം സ്ഥാനത്താണ്.

ഓസീസിനെതിരായ സെമി ഫൈനലില്‍, ജോഷ് ഇംഗ്ലിസിന്റെ ക്യാച്ചെടുത്തതോടെ കോഹ്‍ലി പോണ്ടിങ്ങിനൊപ്പം എത്തിയിരുന്നു. 27-മത്തെ ഓവറില്‍ രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു 12 പന്തില്‍ 11 റണ്‍സുമായി നിന്ന ഇംഗ്ലിസിന്റെ മടക്കം. 49-മത്തെ ഓവറിലായിരുന്നു എല്ലിസിന്റെ വിക്കറ്റ് വീണത്. മുഹമ്മദ് ഷമിയുടെ പന്തില്‍ ലോങ് ഓണില്‍ കോഹ്‍ലി ക്യാച്ചെടുക്കുകയായിരുന്നു.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264ന് ഓൾഔട്ടായി. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും, രവീന്ദ്ര ജഡേജയും വരുൺ ചക്രവർത്തിയും രണ്ട് വീതവും, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിൽ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (73) അലക്സ് കാരിയും (61) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com