വിവാദങ്ങളുടെ 'എമർജൻസി'; നടി കങ്കണ റണാവത്തിന് ചണ്ഡീഗഡ് ജില്ലാ കോടതിയുടെ നോട്ടീസ്

ഡിസംബർ അഞ്ചിന് കങ്കണ കോടതിയിൽ ഹാജരാകണമെന്നും കോടതി
വിവാദങ്ങളുടെ 'എമർജൻസി'; നടി കങ്കണ റണാവത്തിന് ചണ്ഡീഗഡ് ജില്ലാ കോടതിയുടെ നോട്ടീസ്
Published on


ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് നോട്ടീസയച്ച് ചണ്ഡീഗഡ് ജില്ലാ കോടതി. ഡിസംബർ അഞ്ചിന് കങ്കണ കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദങ്ങൾ സൃഷ്‌ടിച്ച കങ്കണയുടെ പുതിയ ചിത്രം എമർജൻസിയുമായി ബന്ധപ്പെട്ടാണ് ജില്ലാ കോടതി നോട്ടീസ് അയച്ചത്.

കങ്കണയുടെ ചിത്രം എമർജൻസിയിൽ സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് സിഖ് സംഘടനകൾ ആരോപിച്ചത് വലിയ വിവാദമായിരുന്നു. സിനിമയുടെ ട്രെയിലർ പുറത്തിറക്കി ഒരാഴ്ചക്കകം തന്നെ സിനിമ നിരോധിക്കണമെന്ന ആവശ്യം ഉയർന്നു. ട്രെയിലറിൽ സിഖ് വിരുദ്ധ രംഗങ്ങളുണ്ടായിരുന്നു, ഇത് സിഖ് സമുദായത്തിൻ്റെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തി എന്നാണ് പരാതി.

സിനിമയിൽ സിഖുകാരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് ജില്ലാ ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റ് അഡ്വക്കേറ്റ് രവീന്ദർ സിംഗ് ബസ്സി പരാതിയും നൽകി. സിഖുകാരെക്കുറിച്ചുള്ള തെറ്റായ ചിത്രം പ്രദർശിപ്പിക്കുന്നതിന് പുറമെ, സമൂഹത്തിനെതിരെ നിരവധി തെറ്റായ ആരോപണങ്ങൾ സിനിമയിൽ ഉൾപ്പെടുത്തി. സിഖ് സമുദായത്തിലെ ചില സംഘടനകളെ തീവ്രവാദികളായി ചിത്രീകരിച്ചു. കങ്കണയ്ക്കെതിരെ കേസെടുക്കണം എന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

ഇന്ദിരാഗാന്ധി സർക്കാർ നടപ്പാക്കിയ അടിയന്താരവസ്ഥയെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് എമർജൻസി. സെപ്റ്റംബർ 6 ന് ചിത്രം തിയേറ്ററുകളിലെത്തേണ്ടതായിരുന്നു എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് തടഞ്ഞു. റിലീസ് ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്.

സിനിമയുടെ സർട്ടിഫിക്കേഷൻ സെൻസർ ബോർഡ് നിയമവിരുദ്ധമായും ഏകപക്ഷീയമായും തടഞ്ഞുവെന്ന് ആരോപിച്ച് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കളായ സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അടിയന്തര ഇളവ് അനുവദിക്കാൻ കോടതി വിസമ്മതിച്ചു. അതിനിടെ സിനിമയുടെ റീലീസ് നിർത്തിവെച്ചതിനാൽ തനിക്ക് മുബൈയിലുള്ള സ്വത്ത് വിൽക്കേണ്ടി വന്നുവെന്നും കങ്കണ പറഞ്ഞു. ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ബംഗ്ലാവ് 32 കോടി രൂപയ്ക്ക് താരം വിറ്റതായാണ് റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com