
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാ വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച എന്നാണ് സൂചന. ജൂലൈ ആറിന് ഹൈദരാബാദിൽ വച്ചാണ് കൂടിക്കാഴ്ച. തെലുങ്ക് സംസാരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ സഹകരിച്ച് പ്രവർത്തിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുന്നതിനാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു കത്തയച്ചത്.
ഈ കൂടിക്കാഴ്ചയിലൂടെ ഇരു സംസ്ഥാനങ്ങളുടെയും നിർണായക വിഷയങ്ങളിൽ സമഗ്രമായി ഇടപെടാനും പരസ്പരം യോജിച്ച് പ്രവർത്തിക്കാനും കഴിയുമെന്ന് ചന്ദ്രബാബു നായിഡു കത്തിൽ പറയുന്നു. ഹൈദരാബാദ് സംയുക്ത തലസ്ഥാനമായി പങ്കിടുന്നതിനുള്ള 10 വർഷത്തെ സമയം അവസാനിക്കുമ്പോൾ ഇരുസംസ്ഥാനങ്ങൾക്കും നിർണായകമാണ് ഈ കൂടിക്കാഴ്ച.
അതേസമയം രേവന്ത് റെഡ്ഡി കത്തിന് മറുപടി നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ മറുപടി ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ. 2019 ൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയും, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.