
വിദ്യാഭ്യാസ മന്ത്രിക്ക് നേരെ ഗുരുതര വിമർശനവുമായി മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക. നാളിതുവരെ കേരളം കണ്ടതിൽ ഏറ്റവും കഴിവുകെട്ട ഭരണാധികാരികളുടെ കൂട്ടത്തിലായിരിക്കും വിദ്യാഭ്യാസ മന്ത്രിയെ അടയാളപ്പെടുത്തുകയെന്ന് ലേഖനം പറയുന്നു. ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത കണക്കുകളുമായി നടക്കുകയാണ് വിദ്യാഭ്യാസ മന്ത്രി എന്നതടക്കമുള്ള വിമർശനങ്ങളാണ് മുഖപ്രസംഗത്തിലുള്ളത്. മലബാറിനോട് ഇടത് സർക്കാരിന് അവഗണനയാണെന്നും മുഖപ്രസംഗം ആരോപിക്കുന്നുണ്ട്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ചന്ദ്രികയുടെ രൂക്ഷ വിമർശനം.
ആരോടാണ് ഈ വെല്ലുവിളി എന്ന തലക്കെട്ടിലാണ് വിദ്യാഭ്യാസ മന്ത്രിക്കെതിരായ ചന്ദ്രികയിലെ വിമർശനം. തുടർഭരണം കിട്ടിയ എൽഡിഎഫ് സർക്കാർ എട്ടു വർഷം കഴിഞ്ഞിട്ടും പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണാതെ നട്ടാൽ കുരുക്കാത്ത നുണ പറയുന്നു. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളോടൊപ്പം എസ്എഫ്ഐയും സമരമുഖത്ത് ഉണ്ട്. മൗനത്തിൻ്റെ മഹാമാളത്തിൽ അഭയം തേടിയ ഇടത് വിദ്യാർത്ഥി സംഘടനകൾ പോലും ശിവൻകുട്ടിക്കെതിരാണെന്നും എഡിറ്റോറിയലിൽ പറയുന്നു. സമരം ചെയ്യുന്നവരെ പരിഹസിച് യാഥാർത്ഥ്യങ്ങളെ പുറംകാല് കൊണ്ട് വിദ്യാഭ്യാസ മന്ത്രി തട്ടിമാറ്റുന്നു. വസ്തുതകളെ മനസ്സിലാക്കാത്ത മന്ത്രിയെന്നും എഡിറ്റോഡിയലിലുണ്ട്. ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത കണക്കുമായാണ് നടക്കുന്നത്. മന്ത്രിയുടെ ഈ സമീപനം ചില താല്പര്യങ്ങളുടെ പരിണിതഫലം എന്ന് ചന്ദ്രിക ആക്ഷേപിക്കുന്നു. മലബാറിനോടുള്ള ഇടത് സർക്കാരിൻ്റെ അവഗണനക്ക് കാലങ്ങൾ പഴക്കമുണ്ടെന്നും ആ അവഗണന തിരുത്താൻ മുസ്ലിം ലീഗ് നിലകൊള്ളണമെന്നും എഡിറ്റോറിയലിൽ വിമർശിക്കുന്നു.