"മോദി തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായി മുണ്ടുടുത്ത മോദി"- മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ചന്ദ്രിക മുഖപ്രസംഗം

കണ്ണാടി പൊട്ടിച്ചാൽ കോലം നന്നാകുമോ എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്
"മോദി തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായി മുണ്ടുടുത്ത മോദി"- മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ചന്ദ്രിക മുഖപ്രസംഗം
Published on

മുഖ്യമന്ത്രിയുടെ മുസ്ലിംലീഗ് പരാമർശത്തിൽ വിമർശനവുമായി ചന്ദ്രികാ ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പുറപ്പാടെന്നും വിമർശനം. തോറ്റാലും തോൽവി സമ്മതിക്കാത്ത മുഖ്യന്, ലീഗിനെ കുറ്റം പറയുന്ന പണിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് തോൽവിയെ മുഖ്യ ആയുധമാക്കിയാണ് ചന്ദ്രികയുടെ വിമർശനം. 

കണ്ണാടി പൊട്ടിച്ചാൽ കോലം നന്നാകുമോ എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്. പിണറായിയുടെ മുഖം വികൃതമായെന്നത് അദ്ദേഹം തിരിച്ചറിയുന്നില്ല. പ്രശ്നം ഉണ്ടാകുമ്പോൾ കണ്ണാടി കുത്തിപ്പൊട്ടിക്കുന്ന പോലെയാണ് ഇപ്പോൾ മുഖ്യൻ ചെയ്യുന്നതെന്നും എഡിറ്റോറിയലിൽ പറയുന്നു.

'മുണ്ടുടുത്ത മോദി' എന്നാണ് മുഖ്യമന്ത്രിയെ ചന്ദ്രിക വിശേഷിപ്പിച്ചിരിക്കുന്നത്. മോദിയുടെ ബില്ല് തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുഖ്യൻ്റെ വരവെന്നും എഡിറ്റോറിയലിൽ പരാമർശിക്കുന്നു. ഒരു വിഭാഗത്തിൻ്റെ പിന്തുണക്കായി പത്രത്തിൽ അശ്ലീല പരസ്യം നൽകിയിട്ടും കാര്യമുണ്ടായില്ല. മുസ്ലിംലീഗിനെ ഒപ്പം നിർത്താനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾ പാളി. തോറ്റാലും തോൽവി സമ്മതിക്കാത്ത മുഖ്യന് മോരിലെ പുളി പോയാലും ലീഗിനെ കുറ്റം പറയുന്ന പണിയാണെന്നാണ് എഡിറ്റോറിയലിലെ വിമർശനം. വെള്ളാപ്പള്ളിക്ക് നവോത്ഥാന മതിൽ കെട്ടാൻ സഹായിച്ച പിണറായിക്ക് വെള്ളാപ്പള്ളി ഈഴവരുടെ വോട്ട് ബിജെപിക്ക് മറിച്ചത് കണ്ടെത്താനായില്ലെന്നും ലേഖനം പറയുന്നു. 

വീണ്ടും തോറ്റാൽ പാർട്ടിയെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും, ജനം ഇടതുപക്ഷത്തിനെതിരല്ല എന്ന ക്യാപ്സൂളുകളും ആയാണ് പിണറായി നടക്കുന്നത്, അന്തവും കുന്തവും ഇല്ലാത്ത സഖാക്കൾ പിണറായിക്ക് ജയ് വിളിക്കും. ഇങ്ങനെ നീളുന്നു എഡിറ്റോറിയലിലെ വിമർശനങ്ങൾ.

കഴിഞ്ഞ ദിവസം കേരള എൻജിഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളന വേദിയിൽ സംസാരിച്ച പിണറായി വിജയൻ ലീഗിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ലീഗിൻ്റെ മുഖം ജമാഅത്തെ ഇസ്‌ലാമിയുടേയും എസ്‌ഡിപിഐയുടെയും മുഖമായി മാറിയെന്നും നാല് വോട്ടിന് വേണ്ടി കൂട്ടുകൂടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് ചന്ദ്രികയുടെ മുഖപ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com