"ചില വിഷമങ്ങള്‍ ഉണ്ടായി, അതിനെ പര്‍വതീകരിക്കരുത്, പ്രതിപക്ഷ നേതാവിനെതിരെ ഒന്നും പറഞ്ഞിട്ടില്ല"

"ചില വിഷമങ്ങള്‍ ഉണ്ടായി, അതിനെ പര്‍വതീകരിക്കരുത്, പ്രതിപക്ഷ നേതാവിനെതിരെ ഒന്നും പറഞ്ഞിട്ടില്ല"

പറയാനുള്ളത് എല്ലാം പാർട്ടിയിൽ പറയുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു
Published on



കോൺഗ്രസിലെ അതൃപ്തി തുറന്നുപറഞ്ഞതിൽ പ്രതിഷേധമുയർന്നതോടെ മയപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ. കോൺഗ്രസിനെതിരെ താൻ നിലപാട് എടുത്തിട്ടില്ല, എടുക്കുകയുമില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രസ്താവന. ചില വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്, അതിനെ പർവതീകരിക്കരുതെന്നും കൂടുതൽ ചർച്ചയ്ക്കില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പറയാനുള്ളത് എല്ലാം പാർട്ടിയിൽ പറയുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.


പ്രതിപക്ഷ നേതാവിനെതിരെ ഒരിക്കലും ഒന്നും പറയില്ല. ചില സാഹചര്യങ്ങളുടെ കാര്യമാണ് പറഞ്ഞത്. പാലക്കാട് ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന ചോദ്യം വന്നപ്പോഴാണ് വിഷയം പറഞ്ഞത്. തനിക്ക് പാർട്ടിക്കപ്പുറം ഒന്നുമില്ല. പറയുന്നതിലെ മറുവശമെടുത്ത് വാർത്ത പ്രചരിപ്പിക്കുകയാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്. എല്ലാവർക്കും ചുമതല നൽകിയെന്നും തനിക്ക് മാത്രം തെരഞ്ഞെടുപ്പ് ചുമതല നൽകിയില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ടു പോകണമെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സഹോദരനെ പോലെ കാണുന്നയാളാണ് ചാണ്ടി ഉമ്മനെന്നായിരുന്നു വിഷയത്തിലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.


ചാണ്ടി ഉമ്മൻ പരസ്യമാക്കിയ അതൃപ്തിയെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. എല്ലാവർക്കും തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുണ്ടെന്നാണ് കരുതിയതെന്നായിരുന്നു ചെന്നിത്തലയുടെ പക്ഷം. 

News Malayalam 24x7
newsmalayalam.com