
സ്കൂൾ പ്രവർത്തിദിനങ്ങളുമായി ബന്ധപ്പെട്ട് വരുത്തിയ മാറ്റത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. പ്രവൃത്തി ദിവസങ്ങളുടെ എണ്ണം 220 ആക്കി ചുരുക്കിയത് സർക്കാരിൻ്റെ നയപരമായ തീരുമാനമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്തെ സ്കൂളുകളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എൻ.എസ്.എസ്,എൻ.സി.സി തുടങ്ങിയ വിദ്യാർത്ഥികളുടെ വോളണ്ടിയർ സ്കീമുകൾ പ്രവർത്തിക്കുന്നത് ശനിയാഴ്ചകളിലാണ്. വർഷങ്ങളായി തുടരുന്ന ഈ രീതിയിലാണ് സർക്കാർ മാറ്റം വരുത്തിയതെന്ന് ഹർജിക്കാർ വാദിച്ചു. ഇതിന് പ്രായോഗികമായി പരിഹാരം കാണാൻ കഴിയില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാരിന്‍റെ മറുപടിയ്ക്കായി ഹർജി മാറ്റിവെച്ചു.
കഴിഞ്ഞ ദിവസമായിരുന്നു 220 ദിവസം പ്രവൃത്തി ദിനമാക്കിയ തീരുമാനം സർക്കാർ ഏകപക്ഷീയമായി നടപ്പാക്കുന്നതായി ആരോപിച്ച് അധ്യാപകസംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയത്. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ നൽകിയ ഹർജിയെ തുടർന്ന് അധ്യായന ദിവസം ഉയർത്തുന്ന കാര്യം പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, വിദ്യാഭ്യാസരംഗത്തെ ബന്ധപ്പെട്ടവരുടെ അഭിപ്രായം കേട്ട ശേഷമായിരിക്കണം തീരുമാനമെന്നും കോടതി നിർദേശിച്ചിരുന്നു.
എന്നാൽ, അധ്യാപകരടക്കം തീരുമാനം ബാധിക്കാനിടയുള്ള വിഭാഗങ്ങളുടെ അഭിപ്രായം സർക്കാർ തേടിയിട്ടില്ല. പ്രൈമറി മേഖലയിലടക്കം അധ്യായന ദിവസങ്ങളുടെ എണ്ണം 220 ആക്കി ചുരുക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ്. ഒരു സർക്കാർ ഉത്തരവുകളുടെയും പിൻബലമില്ലാതെ വിദ്യാഭ്യാസ കലണ്ടറിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അധ്യാപക സംഘടനകൾ പറയുന്നു.
ഈ സാഹചര്യത്തിൽ തീരുമാനം നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് ഹർജിയിലുണ്ടായിരുന്ന പ്രധാന ആവശ്യം. ഹർജി തീർപ്പാകും വരെ തീരുമാനം നടപ്പാക്കുന്നത് തടയണമെന്ന ഇടക്കാല ആവശ്യവും അധ്യാപകസംഘടന ഉന്നയിച്ചിരുന്നു.
UPDATING...