കുസാറ്റ് ദുരന്തത്തിലെ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂർവമല്ലാത്ത നരഹത്യ

മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ. ബിജു എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം
കുസാറ്റ് ദുരന്തത്തിലെ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂർവമല്ലാത്ത നരഹത്യ
Published on


കുസാറ്റ് എഞ്ചിനീയറിങ് കോളേജിൽ സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ. ബിജു എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.


പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് കൈ‌മാറുന്നതിൽ മുൻ രജിസ്ട്രാർ വീഴ്ച വരുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

മുൻ പ്രിന്‍സിപ്പലാണ് കുസാറ്റ് ദുരന്തത്തിന്റെ ഉത്തരവാദിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുടെ പൂര്‍ണ ഉത്തരവാദിത്വവും വിദ്യാർഥികളെ ഏല്‍പ്പിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അന്ന് സംഭവിച്ചത് സംവിധാനങ്ങളുടെ പരാജയമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2023 നവംബർ 25നാണ് കുസാറ്റിൽ ദുരന്തമുണ്ടായത്. എഞ്ചിനീയറിങ് വിഭാഗം സംഘടിപ്പിച്ച സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചിരുന്നു. തൃക്കാക്കര ഡിവൈഎസ്‌പി പി.കെ. ബേബിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ആയിരം പേര്‍ക്ക് പങ്കെടുക്കാന്‍ ആകുന്ന ഓഡിറ്റോറിയത്തില്‍ നാലായിരത്തോളം പേര്‍ തള്ളിക്കയറിയതാണ് ദുരന്തത്തിന്റെ മുഖ്യകാരണമെന്നാണ് കൊച്ചി എസിപിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാമ്പസിന് പുറത്ത് നിന്നും ആളുകള്‍ എത്തിയിരുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിര്‍മാണത്തിലെ അപാകതയും അപകടത്തിന് കാരണമായെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com