
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കരയിൽ പ്രചാരണം വാഹനപര്യടനത്തിലേക്ക് കടന്നതോടെ പ്രാദേശിക വിഷയങ്ങൾ ഉയർത്തി മുന്നണികൾ. യുഡിഎഫ് വികസന മുരടിപ്പ് ചൂണ്ടിക്കാട്ടുമ്പോൾ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇടത് ക്യാമ്പ് മുന്നേറുന്നത്. എന്നാൽ മാറ്റത്തിനായി വോട്ട് അഭ്യർത്ഥിച്ചാണ് ബിജെപി പ്രചാരണം ശക്തമാക്കുന്നത്.
സന്ദർശന പരിപാടികൾ പൂർത്തിയായതോടെ മൂന്ന് മുന്നണികളും വാഹന പ്രചാരണത്തിലേക്ക് കടന്നു. തുറന്ന വാഹനത്തിൽ വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് കൊണ്ടാഴി പഞ്ചായത്തിലാണ് പ്രചാരണം തുടങ്ങിയത്. രണ്ടാം ഘട്ടത്തിൽ പൂർണ ആത്മവിശ്വാസത്തിലാണ് രമ്യ. വരവൂർ പഞ്ചായത്തിൽ വാഹന പര്യടനം തുടങ്ങിയ എൽഡിഎഫ് സ്ഥാനാർഥിയും ആത്മവിശ്വാസത്തിലാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനപിന്തുണ വർധിച്ചെന്നാണ് യു.ആർ പ്രദീപും പറയുന്നത്.
അതേസമയം, തിരുവില്വാമലയിൽ നിന്ന് തുടങ്ങിയ ബിജെപി സ്ഥാനാർഥിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കുടിവെള്ളം, വന്യ മൃഗശല്യം തുടങ്ങിയ പ്രാദേശിക വിഷയങ്ങളിലാണ് മണ്ഡലത്തിൽ മുന്നണികൾ ചർച്ച തുടങ്ങിയത്. ഈ വിഷയങ്ങൾ ഉന്നയിച്ച് നേട്ടമുണ്ടാക്കാനാണ് യുഡിഎഫിൻ്റെയും ബിജെപിയുടെയും ശ്രമം. അതേസമയം വികസന നേട്ടങ്ങൾക്ക് മുകളിൽ ഈ പ്രചാരണങ്ങൾ അവസാനിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥിയും പ്രതീക്ഷ പങ്കുവെക്കുന്നു.