
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചികമായാണ് മുന്നണികൾ ചേലക്കര ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും മണ്ഡലത്തിലെ ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞതാണ് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നത്. പൊതുതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമമാണ് യുഡിഎഫും നടത്തുന്നത്. യുഡിഎഫ് തരംഗം ആവർത്തിച്ച ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചേലക്കര ഉൾപ്പെട്ട ആലത്തൂർ മണ്ഡലം പിടിച്ചെടുക്കാനായെന്നതാണ് എൽഡിഎഫിൻ്റെ ഏറ്റവും വലിയ ആത്മവിശ്വാസം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ ഭൂരിപക്ഷം നേടിയ പഞ്ചായത്തുകൾ ഒപ്പം നിന്നാൽ പോലും ജയിച്ച് കയറാമെന്ന കണക്ക് കൂട്ടലിലാണ് എൽഡിഎഫ്. ഒമ്പത് പഞ്ചായത്തുകളിൽ ആറെണ്ണമാണ് ലോക്‌സഭയിൽ ഇടതിനൊപ്പം നിന്നത്. അന്ന് യുഡിഎഫിന് ഒപ്പം നിന്ന പഴയന്നൂർ, ചേലക്കര, മുള്ളൂർക്കര എന്നിവക്കൊപ്പം തിരുവില്വാമലയും പാഞ്ഞാളും കൂടി ഒപ്പം നിർത്താൻ കഴിയുമെന്നാണ് കോൺഗ്രസിൻ്റെ പ്രതീക്ഷ. കൊണ്ടാഴിയിലും ദേശമംഗലത്തും യുഡിഎഫ്, വോട്ട് വർധനവും ലക്ഷ്യം വെക്കുന്നു. ഇതോടെ മൂവായിരത്തിനും അയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിൽ വിജയിക്കാനാകും എന്നാണ് മുന്നണിയുടെ കണക്ക് കൂട്ടൽ.
മണ്ഡലത്തിൽ പതിറ്റാണ്ടായി നിലനിന്ന കോൺഗ്രസ് - മുസ്ലീം ലീഗ് തർക്കം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞതും യുഡിഎഫിന്റെ പ്രതീക്ഷ വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ബിജെപിയുടെ വോട്ടുവിഹിതം കാര്യമായി വർധിക്കുമോ എന്നതിൽ ഇരു മുന്നണിക്കും ആശങ്കയുണ്ട്. തിരുവില്വാമല പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർഥിക്ക് ഉള്ള സ്വാധീനം മേഖലയിൽ ബിജെപി വോട്ട് വിഹിതം വർധിപ്പിച്ചേക്കും. കൊടകര കുഴൽപ്പണ വിവാദവും വിഭാഗീയതയും അടക്കമുള്ള പ്രശ്നങ്ങൾ പാർട്ടിയെ ബാധിച്ചില്ലെന്ന് തെളിയിക്കാൻ ബിജെപിക്ക് വോട്ട് വർധനവ് അനിവാര്യമാണ്. പാഞ്ഞാൾ, ദേശമംഗലം, വള്ളത്തോൾ നഗർ, ചേലക്കര പഞ്ചായത്തുകളിൽ ശക്തമായ പ്രചാരണം നടത്തുന്ന പി. വി. അൻവറിൻ്റെ ഡിഎംകെ സ്ഥാനാർഥി പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിയിൽ നിന്ന് എന്നതും നിർണായമാകും.