
ചേന്ദമംഗലം കൂട്ടക്കൊലയിൽ അന്വേഷണത്തിന് പ്രത്യേക സംഘം. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ 17 അംഗ സംഘമാകും കേസ് അന്വേഷിക്കുക. 12 പേർ ഉണ്ടായിരുന്ന ടീമിൽ പുതുതായി അഞ്ചുപേരെ കൂടി നിയോഗിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരെ അയൽവാസിയായ ഋതു ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനീഷയുടെ ഭർത്താവ് ജിതിൻ തന്റെ സഹോദരിയെപ്പറ്റി മോശമയി സംസാരിച്ചതാണ് ആക്രമിക്കാൻ കാരണമെന്നാണ് പ്രതി പറയുന്നത്. ജിതിനെ ആക്രമിക്കാനാണ് എത്തിയതെന്നും തടുക്കാൻ ശ്രമിച്ചവരെ പിന്നീട് ആക്രമിക്കുകയായിരുന്നു എന്നാണ് ഋതുവിന്റെ മൊഴി. കൃത്യം നടത്തുന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചില്ലഎന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ലഹരിവസ്തുക്കൾ കണ്ടെത്തിയില്ല. വിശദമായ വൈദ്യ പരിശോധന ഒരിക്കൽ കൂടി നടത്തും.
ആറ് മണിയോടെ ജിതിൻ്റെ വീട്ടിലെത്തിയ ഋതു കമ്പിവടി കൊണ്ട് നാല് പേരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കറ്റ നിലയിലായിരുന്നു നാല് പേരും. നാട്ടുകാർ ഇടപെട്ട് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടു. വീട്ടിലെ രണ്ടു കുട്ടികൾ ഭാഗ്യം കൊണ്ടാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ലഹരി ഉപയോഗിച്ച് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള പ്രതിക്കെതിരെ പരാതി നൽകിയാൽ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയാണ് ചെയ്തിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു.
അതേസമയം, പ്രതിയായ ഋതുവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ജിതിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ജിതിനെ ന്യൂറോ സർജിക്കൽ ഐസിയുവിലേക്ക് മാറ്റി.